ജനരോഷം ശക്തം ബി.ജെ.പി ഹര്‍ത്താല്‍ ഭാഗികം

 

തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയനേട്ടമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ഭാഗികം. സ്വകാര്യ വാഹനങ്ങള്‍ സാധാരണ ദിനത്തിലെന്ന പോലെ നിരത്തിലിറങ്ങിയപ്പോള്‍, കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഹര്‍ത്താലിനൊപ്പം ചേര്‍ന്നു. പൊലീസ് സേനയെ റോഡുകളില്‍ നിന്ന് പിന്‍വലിച്ച് ഹര്‍ത്താലനുകൂലികള്‍ക്ക് നിര്‍ബാധം വിഹരിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയത്. എന്നാല്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം പാങ്ങോട് കടയടപ്പിക്കാനെത്തിയ ഹര്‍ത്താനലുകൂലികളെ ജനങ്ങള്‍ ഒന്നിച്ച് നേരിട്ടതോടെ നേതാക്കളുള്‍പ്പെടെ പിന്‍വലിഞ്ഞു. കോഴിക്കോട് വ്യപാരി വ്യവസായി സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താലിനെതിരെ പ്രതിഷേധം ഉയര്‍ത്തി. ഇനി ഏത് പാര്‍ട്ടി ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ അംഗീകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരികള്‍ കോഴിക്കോട് മിഠായിതെരുവില്‍ പ്രഖ്യാപിച്ചു. മലപ്പുറം എടവണ്ണറപ്പാറയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അടച്ചിട്ട കടകള്‍ തുറന്നു.
ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീട് നാട്ടുകാര്‍ ഹര്‍ത്താലിനെതിരെ തിരിഞ്ഞതോടെ പലയിടത്തും ഹര്‍ത്താലനുകൂലികള്‍ പിന്‍വാങ്ങി.

SHARE