മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു

ഭോപാല്‍: രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ മറിച്ചിട്ട മധ്യപ്രദേശില്‍ ബി.ജെ.പി. വീണ്ടും അധികാരമേറ്റു, ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് തിങ്കളാഴ്ച രാത്രി ഒമ്പതിന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. നാലാംതവണയാണ് അദ്ദേഹം സംസ്ഥാനത്ത് സര്‍ക്കാറിന് നേതൃത്വം കൊടുത്തത്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരെ ചാക്കിട്ടുപിടിച്ചാണ് ബി.ജെ.പി 15 മാസം പ്രായമുള്ള കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിട്ടത്.

കൊറോണ ഭീതിക്കിടയില്‍ തിങ്കളാഴ്ച വൈകീട്ടു ചേര്‍ന്ന ബി.ജെ.പി. നിയസഭാകക്ഷിയോഗം ചൗഹാനെ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. കുതിരക്കച്ചവടത്തിന് നേതൃത്വം കൊടുത്ത മുന്‍മന്ത്രി നരോത്തം മിശ്ര, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരെ പിന്തള്ളിയാണ് ചൗഹാനെ പാര്‍ട്ടി മുഖ്യമന്ത്രിസ്ഥാനത്തേക്കു നിയോഗിച്ചത്.

രാജ്ഭവനില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനുമുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ ചുമതലയേല്‍ക്കണമെന്ന ബി.ജെ.പി. തീരുമാനപ്രകാരമാണ് അടിയന്തരമായി സത്യപ്രതിജ്ഞ നടന്നത്. മറ്റുമന്ത്രിമാരാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ പാര്‍ട്ടിവിട്ടതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാര്‍ പുറത്താവുകയായിരുന്നു. സിന്ധ്യയും ഒപ്പംപോയ എം.എല്‍.എ.മാരും ബി.ജെ.പി.യില്‍ ചേരുകയും ചെയ്തു. എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ നിയസഭയുടെ അംഗസംഖ്യ 230-ല്‍നിന്ന് 222 ആയിക്കുറഞ്ഞു. 107 അംഗങ്ങളുള്ള ബി.ജെ.പി. കേലവഭൂരിപക്ഷത്തിലും മൂന്നുസീറ്റു കൂടുതലുള്ളതിന്റെ പിന്‍ബലത്തില്‍ ഭരണത്തിലേറിയത്. 92 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. ബി.എസ്.പി.ക്ക് രണ്ടും എസ്.പി.ക്ക് ഒന്നും സീറ്റുവീതമുണ്ട്. ഇവരും നാലു സ്വതന്ത്രരും കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. സ്വതന്ത്രരില്‍ ഒരാളും കമല്‍നാഥ് മന്ത്രിസഭയില്‍ അംഗവുമായിരുന്ന പ്രദീപ് ജയ്സ്വാള്‍ ബി.ജെ.പി.ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.

SHARE