രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര നിര്‍മാണം തുടങ്ങുമെന്ന് അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ബി.ജെ.പി നേതൃത്വം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിലപാട് വ്യക്തമാക്കിയത്.

ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതുപോലെ തെലുങ്കാനയില്‍ നടന്ന പരിപാടിയില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട യാതൊരു പ്രസ്താവനയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തിയിട്ടില്ല. അങ്ങനെയൊരു വിഷയം അജണ്ടയില്‍ പോലും ഉണ്ടായിരുന്നില്ല-ട്വീറ്റില്‍ പറയുന്നു.

വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച പ്രസ്താവന നടത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ രാമക്ഷേത്രനിര്‍മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് സ്വീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

SHARE