ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനു പകരം ബിജെപി വര്‍ഗീയ മുന്‍വിധികളും വിദ്വേഷവും രാജ്യത്ത് പടര്‍ത്തുകയാണെന്ന് സോണിയഗാന്ധി കുറ്റപ്പെടുത്തി.
സാമൂഹിക ഐക്യത്തിന് ഗുരതരമായ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ബിജെപി. കൊറോണയ്‌ക്കെതിരെ നമ്മള്‍ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ വര്‍ഗീയ മുന്‍വിധികളുടെയും വിദ്വേഷത്തിന്റെയും വൈറസ് പടര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യക്കാരായ നമുക്കോരോരുത്തര്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണിത്. ഈ പ്രശ്നത്തെ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഇടപെടേണ്ടതുണ്ട്, സോണിയാഗാന്ധി പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകവും അര്‍ണബ് ഗോസ്വാമിയുടെ വിവാദങ്ങളും നിലനില്‍ക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
രാജ്യത്ത് കോവിഡ് വ്യാപനം അനിയന്ത്രിമായി വര്‍ധിച്ചിട്ടും ലോക്ക് ഡൗണിന്റെ ആഘാതം മയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും പ്രധാനമന്ത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് വെച്ച നിര്‍ദേശങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി.
‘കൊറോണ വൈറിനെതിരെയുള്ള പോരാട്ടത്തില്‍ സഹകരണം വാഗ്ദാനം ചെയ്തും ലോക്ക്ഡൗണില്‍ ഗ്രാമീണ, നഗരവാസികളുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി തവണ കത്തെഴുതിയിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഭാഗികമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ,’ സര്‍ക്കാരിന്റെ അനുകമ്പയുടേയും കരുതലിന്റേയും അഭാവം പ്രകടമാണെന്നും സോണിയ പറഞ്ഞു.
‘ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ കര്‍ഷകരും കുടിയേറ്റ തൊഴിലാളികളും ഇപ്പോഴും കടുത്ത പ്രയാസങ്ങളും ദുരിതങ്ങളും നേരിടുന്നുണ്ട്, വ്യവസായങ്ങളും വാണിജ്യവും നിര്‍ത്തിയതോടെ കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗങ്ങള്‍ ഇല്ലാതായി. 12 കോടി തൊഴിലുകളാണ് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മാത്രം നഷ്ടപ്പെട്ടത്.’ അതിനാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഓരോ കുടുംബത്തിനും ഇപ്പോള്‍ 7500 രൂപ വീതം നല്‍കേണ്ടത് അത്യാവശ്യമാണെന്നും സോണിയ പറഞ്ഞു.
മെയ് മൂന്നിന് ശേഷം സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് തോന്നുന്നില്ലെന്ന് സോണിയ കുറ്റപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ മെയ് മൂന്നിന് ശേഷം ലോക്ക് ഡൗണ്‍ തുടരുന്നത് കൂടുതല്‍ അപകടകരമാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തു.
കോവിഡ് -19 കൈകാര്യം ചെയ്യാനുള്ള ഇന്ത്യയുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് ലോക്ക്ഡൗണിന്റെ വിജയം തീരുമാനിക്കുകയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ വിജയത്തിന് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നിരവധി വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണെന്നും ഡോക്ടര്‍ സിങ് പറഞ്ഞു.