രാമചന്ദ്ര ഗുഹയെ അര്‍ബന്‍ നക്‌സലെന്ന് വിളിച്ച് ബി.ജെ.പി

പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ അര്‍ബന്‍ നക്‌സലെന്ന് വിളിച്ച് കര്‍ണാടക ബിജെപി. അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ബിജെപി കര്‍ണാടക ഘടകം രാമചന്ദ്ര ഗുഹയ്‌ക്കെതിരെ വിവാദ പ്രസ്താവന നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ഗുഹ തെരുവിലിറങ്ങിയതാണ് പ്രകോപനത്തിന് കാരണം.

ചോദ്യോത്തര രൂപേണയാണ് ഗുഹയ്‌ക്കെതിരെയുള്ള ബിജെപിയുടെ ട്വീറ്റ്.
ചോദ്യം: ആരാണ് നീ

ഉത്തരം; ഞാന്‍ രാമചന്ദ്ര ഗുഹ,അര്‍ബന്‍ നക്‌സലൈറ്റ്. സാധാരണ മനുഷ്യന് പൂര്‍ണമായും അജ്ഞാതമായ ഇരുണ്ട ലോകത്തെ നിയന്ത്രിക്കുന്നു. നേതാവിന്റെ നിര്‍ദ്ദേശപ്രകാരം അക്രമത്തെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന അവര്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. ഇതായിരുന്നു രാമചന്ദ്ര ഗുഹയെ ടാഗ് ചെയ്തുകൊണ്ടുള്ള ബിജെപി ട്വീറ്റ്.

ദേശീയ പൗരത്വ ഭേദഗതിയ്‌ക്കെതിരെ ബെംഗളൂരുവിലെ ടൗണ്‍ഹാളില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി രാമചന്ദ്ര ഗുഹ എത്തിയിരുന്നു. മാധ്യമപ്രവര്‍കരോട് സംസാരിച്ചുകൊണ്ടിരിക്കെ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.സമാധാനപരാമായി പ്രതിഷേധത്തിന് പിന്തുണ നല്‍കാനെത്തിയ ഗുഹക്കെതിരെ നടത്തിയ പൊലീസ് നടപടിക്ക് പിന്നാലെയാണ് നക്‌സല്‍ വിളികളുമായി ബി.ജെ.പി രംഗത്തെത്തിയത്.

SHARE