പി.എം കെയേഴ്‌സ് ഫണ്ട്: പാര്‍ലമെന്റ് പാനലിനും പരിശോധിക്കാനാകില്ല- എല്ലാം മോദി മാത്രം

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രൂപവത്കരിക്കപ്പെട്ട പി.എം കെയേഴ്‌സ് എന്ന പേരിലുള്ള പുതിയ ദുരിതാശ്വാസ നിധിയില്‍ അധികാരങ്ങള്‍ മോദിക്കു മാത്രം. പാര്‍ലമെന്റിന്റെ സുപ്രധാന സമിതികള്‍ക്കൊന്നും പി.എം കെയേഴ്‌സ് ഫണ്ട് പരിശോധിക്കാനാകില്ല. ഫണ്ട് പാര്‍ലമെന്റ് സമിതി പരിശോധിക്കണമെന്ന പബ്ലിക് അക്കൗണ്ട് കമ്മിറ്റി (പി.എ.സി)യുടെ ആവശ്യത്തെ ബി.ജെ.പി ശക്തമായി എതിര്‍ത്തു.

കോണ്‍ഗ്രസ് നേതാവു കൂടിയായ പി.എ.സി ചെയര്‍മാന്‍ അധിര്‍ രഞ്ജന്‍ ചൗധരിയാണ് പി.എം കെയേഴ്‌സ് ഫണ്ടും പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ചത്. കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള അവകാശം പി.എ.സിക്കുണ്ടെന്നും സമാന അധികാരം സംയുക്ത പാര്‍ലമെന്ററി സമിതിക്കു വേണമെന്നുമായിരുന്നു ചൗധരിയുടെ ആവശ്യം.

എന്നാല്‍ സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നായിരുന്നു പി.എ.സിയിലെ ബി.ജെ.പി അംഗങ്ങളുടെ ആരോപണം. സമിതിയിലെ ബിജു ജനതാദള്‍ അംഗം ഭര്‍തുഹരി മഹ്താനിയും സര്‍ക്കാറിന് അനുകൂലമായ നിലപാട് എടുത്തു. കോണ്‍ഗ്രസിന് ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവിന്റെ പിന്തുണ മാത്രമാണ് കിട്ടിയത്. ഇതോടെ, വിഷയത്തില്‍ സമവായമാകാതെ യോഗം പിരിയുകയായിരുന്നു.

നിലവില്‍ സി.എ.ജിക്കോ മറ്റു ഏജന്‍സികള്‍ക്കോ പി.എം കെയേഴ്‌സ് ഫണ്ട് പരിശോധിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഫണ്ട് പി.എ.സിക്കു കീഴില്‍ കൊണ്ടു വരണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചത്.

സ്വകാര്യമേഖലയില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള ഫണ്ടാണ് പി.എം കെയേഴ്‌സിലെത്തുന്നത്. ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകള്‍ക്ക് നികുതിയിളവുണ്ട്. യുദ്ധസമാന സാഹചര്യം നേരിടാനാണ് ഇത്തരത്തില്‍ ഒരു ഫണ്ട് ഉണ്ടാക്കിയത് എന്നും അതു കൊണ്ടു തന്നെ അതില്‍ സൂക്ഷ്മപരിശോധന വേണ്ട എന്നുമാണ് ബി.ജെ.പിയുടെ വാദം.

ലോക്ക്ഡൗണിന ശേഷം ആദ്യമായാണ് പി.എ.സി ചേര്‍ന്നത്. മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്നുള്ള പ്രാതിനിധ്യം കുറവായിരുന്നു എങ്കിലും ബി.ജെ.പി അംഗങ്ങള്‍ മിക്കവരും യോഗത്തിനെത്തിയിരുന്നു. മുതിര്‍ന്ന നേതാവ് ഭൂപേന്ദര്‍ യാദവാണ് പാനലില്‍ ബി.ജെ.പി സംഘത്തെ നയിക്കുന്നത്.