പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന ന്യൂഡല്‍ഹിയിലെ ഷഹീന്‍ ബാഗിനെ കുറിച്ച് വിവാദ പ്രസ്താവനയുമായി ബിജെപി. നോട്ടുനിരോധന സമയത്ത് ബാങ്കുകള്‍ക്കു മുന്നില്‍ പണം എടുക്കുന്നതിനായി വരിനിന്ന് നൂറോളം പേര്‍ മരിച്ചിട്ടും ഷഹീന്‍ ബാഗിലെ സമരത്തില്‍ എന്താണ് ഒരാള്‍ക്കു പോലും ജീവന്‍ നഷ്ടപ്പെടാത്തതെന്നു ബംഗാളിലെ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ചോദിച്ചു.
രണ്ടും മൂന്നും മണിക്കൂര്‍ വരി നില്‍ക്കുമ്പോള്‍ ജനങ്ങള്‍ മരിച്ചുവീഴുകയാണ്. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളും കുട്ടികളും അഞ്ചു ഡിഗ്രിയില്‍ താഴെയുള്ള താപനിലയില്‍ ഇരുന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. എന്ത് അമൃതാണ് അവര്‍ കഴിക്കുന്നത്? എനിക്ക് അത്ഭുതം തോന്നുന്നു’.. ദിലീപ് ഘോഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി നേതാക്കള്‍ രംഗത്തു വന്നിരുന്നു. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളിലെത്തി മക്കളെയും സഹോദരിമാരെയും ബലാത്സംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യും’ എന്നു ബിജെപി എംപി പര്‍വേശ് വര്‍മ പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു പ്രസംഗത്തിനിടെ, ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ബിജെപിക്കു വോട്ട് രേഖപ്പെടുത്തിയാല്‍ ഡല്‍ഹിയില്‍ ‘ഷഹീന്‍ ബാഗ്’ ഉണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് റാലിക്കിടെ ആഭ്യന്തരമന്ത്രി പറഞ്ഞത് വിവാദമായിരുന്നു.