ഇ.പി ഉബൈദുല്ല
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് അമൂല്യമായ ഭരണഘടനയാണ്. ബാബാസാഹിബ് അംബേദ്കറും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും അബുല്‍ കലാം ആസാദും തുടങ്ങിയ ലോകത്തോളം വളര്‍ന്നു പന്തലിച്ച നേതാക്കന്മാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം. ഇന്ത്യയിലെ എല്ലാ വിഭാഗം ജനപ്രതിനിധികളുമായും നേതാക്കന്മാരുമായും ചര്‍ച്ച ചെയ്തു ഇഴകീറി കൂട്ടിയും കിഴിച്ചും തയാറാക്കിയതാണ് മതേതര ജനാധിപത്യ സമത്വ സുന്ദരമായ ഭരണഘടന. ഭരണഘടനയുടെ ആത്മാവ് മതേതരത്വമാണ്. ആത്മാവ് നഷ്ടപ്പെട്ടാല്‍ ജീവന്‍ നഷ്ടപ്പെട്ട ജഢമായിമാറും ഇന്ത്യ. ഈ പശ്ചാത്തലത്തില്‍ വേണം പൗരത്വ ഭേദഗതി നിയമത്തിനും പൗരപട്ടികക്കും ജനസംഖ്യ പട്ടികക്കും പിന്നിലെ കേന്ദ്ര സര്‍ക്കാരിന്റെ നിഗൂഢ നീക്കം വിലയിരുത്തപ്പെടേണ്ടത്.
സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയ നിയമങ്ങള്‍ പാസ്സാക്കിയെടുക്കാന്‍ വളഞ്ഞ വഴി സ്വീകരിക്കുക എന്നതുതന്നെ ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ്. ജനവിരുദ്ധ, ഭരണഘടന വിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളം കാട്ടുതീ പോലെ കത്തിപ്പടരുന്ന പ്രക്ഷോഭങ്ങള്‍ തടയാനാവാതെ പുലിവാല് പിടിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഒറ്റക്കും കൂട്ടായും മുദ്രാവാക്യങ്ങള്‍ ഉയരുന്നു. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. മതേതരത്വം എന്ന ഇന്ത്യയുടെ ആത്മാവ് അപകടത്തിലാണ്.
ആര്‍.എസ്.എസ് താത്വികാചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ സ്വപ്‌നം കണ്ട ഇന്ത്യ എന്ന് പറഞ്ഞ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുമെന്ന് പറഞ്ഞു ഏറ്റുമുട്ടലിന്റെ മാര്‍ഗത്തിലാണ് കേന്ദ്ര സര്‍ക്കാറിലെ ചില മന്ത്രിമാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേയും ദേശീയ പൗരപട്ടികക്കെതിരേയും സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കുംവിധം പ്രക്ഷോഭങ്ങള്‍ നഗരങ്ങളേയും ഗ്രാമങ്ങളേയും ഒരുപോലെ പിടിച്ചുലക്കുകയാണ്. അനുദിനം പുതിയ ഷാഹിന്‍ബാഗുകള്‍ ഉയര്‍ന്നുവരുന്നു. സമരജ്വാലകളില്‍ വെള്ളമൊഴിച്ച് നിര്‍വീര്യമാക്കാനുള്ള ‘മധ്യസ്ഥ ശ്രമങ്ങളെ’ തിരിച്ചറിയുന്ന സ്ത്രീ സമൂഹം രാജ്യത്തിന്റെ പ്രതീക്ഷയാണ്.
മതേതരത്വം എന്ന അടിത്തറയില്‍ നിലനില്‍ക്കുന്ന രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ശ്രമത്തിന് ശക്തിപകര്‍ന്നത് ഗാന്ധി വധം നടപ്പാക്കിയ ആര്‍.എസ്.എസ് അനുചരന്‍ നാഥുറാം വിനായക് ഗോദ്‌സെയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതരവാദിയായ ജവഹര്‍ലാല്‍ നെഹ്‌റ വിന്റെ അജയ്യ നേതൃത്വമാണ് ആര്‍.എസ്.എസിന്റെ വര്‍ഗീയതയുടെ പത്തി മടക്കിയത്. ഗോള്‍വാള്‍ക്കറുടെ ഹിന്ദുത്വവാദം രണ്ടാം മോദി സര്‍ക്കാര്‍ പുറത്തെടുക്കുകയാണ്. അപകടകരമായ ഈ നീക്കത്തെ രാജ്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. ബി.ജെ.പിയും ആര്‍.എസ്.എസും അടങ്ങുന്ന സംഘ്പരിവാര്‍ സംഘടനകള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍നിന്നും വിട്ട്‌നില്‍ക്കുന്നത്.
സി.എ.എക്കും എന്‍.ആര്‍.സിക്കുമനുകൂലമായി ബി.ജെ.പിയുടെ വീടു കയറിയുള്ള ‘ബോധവത്കരണം’ ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ തെറിയഭിഷേകംകൊണ്ട് പ്രവര്‍ത്തകര്‍ തൃപ്തിയടയുന്നു. എതിരാളികളെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തനിരൂപം പുറത്തെടുക്കുന്ന തിരക്കിലാണ് ഭരണകൂടമിപ്പോള്‍. പാര്‍ലമെന്റിലെ സാങ്കേതിക ഭൂരിപക്ഷം പ്രയോജനപ്പെടുത്തി കിരാത നിയമങ്ങള്‍ ചുട്ടെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിചാരണ കൂടാതെ ആരെയും തടങ്കലില്‍ പാര്‍പ്പിക്കാന്‍ പ്രത്യേക അധികാരം നല്‍കുന്ന ‘ഡ്രകോണിയന്‍’ നിയമങ്ങള്‍ പാസ്സാക്കിയെടുത്ത് സ്വന്തം പൗരന്മാരെ ഭീഷണിപ്പെടുത്തുകയാണ്. പരാജയപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ ഉണ്ടാകുന്ന ‘ഡിമോഫോബിയ’ (ജനങ്ങളെ ഭയപ്പെടുക) മോദി സര്‍ക്കാരിനെ പിടികൂടിയിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ ഉള്‍ഭീതിയില്‍ നിന്നുമാണ് പി.എസ്.എ, എന്‍.എസ്.എ തുടങ്ങിയ കാടന്‍ നിയമങ്ങള്‍ സ്വന്തം പൗരന്മാര്‍ക്കുമേല്‍ അടിച്ചേപ്പിക്കാന്‍ ഭരണകൂടം ഒരുമ്പെടുന്നത്. അടിയന്തരാവസ്ഥ പോലുള്ള ഭീകരാവസ്ഥയിലേക്കുള്ള പരിണാമത്തിനു അധിക ദൂരമില്ലെന്നാണ് മോദി സര്‍ക്കാരിന്റെ പോക്ക് കണ്ടാല്‍ ന്യായമായും സംശയിക്കേണ്ടത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ 370 ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ആ ജനതയെ ലോകത്ത്‌നിന്ന് തന്നെ ഒറ്റപ്പെടുത്തി ഇരുട്ടിലാക്കി. മനുഷ്യന്റെ മൗലികാവകാശമായ പരസ്പരം ആശയവിനിമയം നടത്താനുള്ള ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിച്ഛേദിച്ചു. മുക്കിലും മൂലയിലും സൈനികരെ വ്യന്യസിച്ച് ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടുത്തി. രണ്ടു വര്‍ഷം വരെ വിചാരണ കൂടാതെ തടങ്കലില്‍ പാര്‍പ്പിക്കാവുന്ന പൊതു സുരക്ഷാ നിയമ (പി.എസ്.എ) ത്തിന്റെ മറവില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യ മന്ത്രിയും എം.പിയുമായ ഡോ. ഫാറൂഖ് അബ്ദുള്ളയെ ജയിലിലാക്കി. മഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാരും മറ്റു നേതാക്കളും വീട്ട്തടങ്കലിലുമാണ്. സ്വന്തം പൗരന്മാരെ അന്യായമായി പാര്‍പ്പിക്കാന്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിച്ചു ഭരണഘടനയുടെ ആത്മാവു പിച്ചിചീന്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഒട്ടകപ്പക്ഷി നയം തുടരുകയാണ്. രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയുടെ ചരിത്രം വായിച്ചു കേട്ടവര്‍ക്ക് നീറോ ചക്രവര്‍ത്തിയെപോലും നാണിപ്പിക്കുന്ന ഭരണമാണ് ഇപ്പോള്‍ നടക്കുന്നത് എന്നു പറയേണ്ടിവരും.
മോദിയും അമിത്ഷായും ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഹിറ്റ്‌ലര്‍ മോഡല്‍ നയങ്ങളാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്ന ഇത്തരം നിയമങ്ങള്‍ രാഷ്ട്രത്തിന്റെ ഭാവി അപകടപ്പെടുത്തും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അനുദിനം താഴോട്ട് കൂപ്പുകുത്തുകയാണ്. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ സംഖ്യ കൂടിവരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പണിയെടുത്ത മുസ്‌ലിം, ദലിത് വിഭാഗങ്ങള്‍ അന്യായമായി പീഡിപ്പിക്കപ്പെടുന്നു. കശ്മീരിനെ ബന്ദിയാക്കിയ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ മതേതര ഹൃദയത്തില്‍ കത്തി കുത്തിയിറക്കി. ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് കൃത്രിമ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഇന്ത്യ വിഭജന സമയത്ത് ഭൂരിപക്ഷം ജനങ്ങളുടെയും എതിര്‍പ്പിനെ മറികടന്ന് ഇന്ത്യയോടൊപ്പം ഉറച്ചുനിന്ന ജമ്മുകശ്മീര്‍ ഭരണാധികാരിയായിരുന്നു ഷെയ്ഖ് അബ്ദുള്ള. മതേതരത്വത്തിന്റെ മുഖമായിരുന്നു അദ്ദേഹം. ഇന്ത്യവിഭജനകാലത്ത് പല നാട്ടു രാജ്യങ്ങളും പാകിസ്താനിലേക്ക് ലയിച്ചപ്പോള്‍ ഇന്ത്യയോടൊപ്പം ഉറച്ചു നിന്ന സ്വതന്ത്ര ഭരണപ്രദേശമാണ് ജമ്മുകശ്മീര്‍.
ഈ തീരുമാനത്തിന് നേതൃത്വം കൊടുത്തത് ജമ്മുകശ്മീരിലെ ഏറ്റവും വലിയ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സും ഫാറൂഖ് അബ്ദുള്ളയുടെ പിതാവായ ഷെയ്ഖ് അബ്ദുള്ളയുമായിരുന്നു. കശ്മീര്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുള്ളയുടെ ഇന്ത്യയോടുള്ള അടിയുറച്ച പ്രതിബദ്ധതയാണ് വാസ്തവത്തില്‍ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത്. ഇന്ത്യ വിഭജനകാലത്ത് കശ്മീര്‍ രാജാവായിരുന്ന മഹാരാജ ഹരിസിങ് സ്വതന്ത്ര രാഷ്ട്രം പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് ഇന്ത്യയോടൊപ്പം ഉറച്ചുനിന്ന അന്നത്തെ കശ്മീരിലെ ഏറ്റവും വലിയ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സര്‍വ്വാദരണീയനായ നേതാവായിരുന്നു ഷെയ്ഖ് അബ്ദുള്ള എന്നത് ഇന്ത്യന്‍ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ്. ആത്തി സേ ചീനാര്‍ (ചീനാറിലെ തീ ജ്വാലകള്‍) എന്ന ആത്മ കഥയില്‍ ഷെയ്ഖ് അബ്ദുള്ള പ്രഖ്യാപിക്കുന്നു.
‘ഐ പ്രിഫര്‍ എ സെക്യുലര്‍ ഡെമോക്രാറ്റിക് മോഡേണ്‍ ഇന്ത്യ ടു എ കമ്യൂണല്‍ റിയാക്ക്ഷണറി അണ്‍ഡെമോക്രാറ്റിക് പാകിസ്താന്‍’. മതത്തിന്റെ പേരില്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ശക്തമായി എതിര്‍ത്ത നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവായിരുന്നു ഷെയ്ഖ് അബ്ദുള്ളയും പിന്നീട് വന്ന ഡോ. ഫറൂഖ് അബ്ദുള്ളയും. ഇന്ത്യയുടെ മതേതരത്വം ഭരണഘടനയുടെ അവിഭാജ്യഘടകമായത് ഇത്തരം ചരിത്ര പശ്ചാത്തലം ഉള്ളത്‌കൊണ്ട് തന്നെയാണ്. സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ കിരാത നിയമങ്ങള്‍ ദുഷ്ടലാക്കോടെ നടപ്പാക്കി ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുമെന്ന് ന്യായമായും പ്രത്യാശിക്കാം.
ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ് നഗരങ്ങളില്‍ നൂറ് മതേതര ബഹുസ്വര കൂട്ടായ്മകള്‍ സംഘടിപ്പിച്ചു കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടന വിരുദ്ധ നിയമങ്ങളായ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക തുടങ്ങിയ നിക്ഷിപ്ത താല്‍പര്യ നിയമങ്ങള്‍ക്കെതിരെ ജനവികാരം ഉയര്‍ത്തുകയാണ് എം.ഇ.എസ്.