‘വി വാണ്ട് ഹെര്‍ ബ്ലഡ്’; ദീപ നിശാന്തിനെതിരെ ബി.ജെ.പി ഐടിസെല്‍ മേധാവിയുടെ കൊലവിളി; പ്രതിഷേധം ശക്തമാവുന്നു

തിരുവനന്തപുരം: കഠ്‌വ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ അധ്യാപിക ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഐ.ടി സെല്‍ മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രമേശ് കുമാര്‍ നായര്‍ എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് ‘അവളുടെ രക്തം കൂടി വേണമെന്നും അവള്‍ ക്ഷമയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് മുന്നോട്ട് പോകുകയാണെന്നും’ പറഞ്ഞ് കൊലവിളി ആഹ്വാനം നടത്തിയത്. ഇതിന് ബി.ജെ.പി പ്രവര്‍ത്തകനായ ബിജുനായര്‍ മറുപടിയും നല്‍കിയിട്ടുണ്ട്. അതിനായി ഞങ്ങള്‍ ശ്രമിക്കുന്നുവെന്നായിരുന്നു അയാളുടെ മറുപടി.

കഠ്‌വ സംഭവത്തില്‍ ദീപക് ശങ്കരനാരായണന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതാണ് ദീപനിശാന്തിനെതിരെയുള്ള പുതിയ കൊലവിളിക്ക് കാരണം. കൊലവിളി ഫേസ്ബുക്കിലുള്‍പ്പെടെ പ്രചരിച്ചതോടെ ഇതിന് വിശദീകരണവുമായി ബിജുനായര്‍ രംഗത്തെത്തുകയായിരുന്നു. വിഷയത്തില്‍ നിന്നും അടര്‍ത്തിമാറ്റിയെടുത്താണ് ഇത്തരമൊരു കമന്റ് പ്രചരിപ്പിക്കുന്നതെന്നായിരുന്നു ഇയാളുടെ വിശദീകരണം. ദീപക് ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപ ടീച്ചര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം. ഇയാള്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യം ഫേസ്ബുക്കില്‍ ശക്തമാണ്.

SHARE