കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവനഗരിയില്‍; അനുമതി നിഷേധിച്ച് പൊലീസ്

കണ്ണൂര്‍: തലശ്ശേരിക്കടുത്ത് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ മൃതദേഹവുമായി ബിജെപി കലോത്സവനഗരിക്കടുത്ത്. കലോത്സവത്തിന്റെ പ്രധാന വേദിയുടെ മുന്നിലൂടെ വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകണമെന്ന ബിജെപിയുടെ ആവശ്യം പൊലീസ് നിഷേധിച്ചതോടെ കണ്ണൂര്‍ ടൗണില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

kannur-copy

പ്രധാന വേദിയുടെ മുന്‍ഭാഗം ഒഴിവാക്കി മൃതദേഹം പഴയ ബസ് സ്റ്റാന്റിനു പരിസരത്തേക്ക് എത്തിക്കാന്‍ പൊലീസ് വഴിയൊരുക്കിയതാണ് പ്രശ്‌നത്തിനിടയാക്കിയത്. എ.കെ.ജി ആസ്പത്രിക്ക് മുന്നില്‍ ഗതാഗതം തടഞ്ഞ പൊലീസ് മൈതാനം ചുറ്റി പഴയ ബസ് സ്റ്റാന്റിലേക്ക് മൃതദേഹവുമായി എത്താന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ബസ് സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കുകയായിരുന്നു. എന്നാല്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹവുമായി വാഹനം കലോത്സവനഗരിക്ക് മുന്നിലൂടെ കടന്നുപോകാന്‍ അനുവദിക്കണമെന്ന ബിജെപി ആവശ്യപ്പെട്ടതോടെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു. പൊലീസ് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തില്‍ റോഡ് ഉപരോധിച്ചു.

അതേസമയം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കലോത്സവ നഗരിക്കു മുന്നിലൂടെ കടത്തി വിടാനാവില്ലെന്ന് കണ്ണൂര്‍ എസ്.പി വ്യക്തമാക്കി.
മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷാണ് (52) ഇന്നലെ രാത്രി വെട്ടേറ്റു മരിച്ചത്. ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

SHARE