എസ്.സി, എസ്.ടി സംവരണം; ആര്‍എസ്എസ്സ് അജണ്ടക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും

എസ്‌സി, എസ്ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ശരിവച്ച് സുപ്രീംകോടതി

സംവരണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറടക്കം വിവിധ ബിജെപി സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നടപടിയില്‍ ആര്‍എസ്എസ്സ് അജണ്ടയേയും ബിജെപിയെയും അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം തന്നെ സംവരണത്തിനെതിരാണെന്ന് രാഹുല്‍ പാറഞ്ഞു. എസ്.സി, എസ്ടി വിഭാഗങ്ങളുടെ ഉന്നമനം അവര്‍ സംഘ്പരിവാര്‍ ആഗ്രക്കുന്നില്ലെന്നും രാജ്യത്ത് നിലനില്‍ക്കുന്ന സംവിധാനങ്ങള്‍ തകിടംമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സംവരണം ഇല്ലാതാക്കാമെന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വ്യാമോഹമാണ്. മോദിയോ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതോ പോലും എത്ര സ്വപ്‌നംകണ്ടാലും ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും സംവരണം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. അതിന് അവരെ ഒരിക്കലും അനുവദിക്കില്ലെന്ന് പട്ടികജാതി, വര്‍ഗ വിഭാഗങ്ങളോടും ഒബിസിക്കാരോടും ദലിതുകളോടും പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംവരണം എങ്ങനെ അവസാനിപ്പിക്കാമെന്ന ആലോചനയിലാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും കുറ്റപ്പെടുത്തി. ആര്‍എസ്എസുകാര്‍ സംവരണത്തിനെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതായും ഉത്തരാഖണ്ഡ് ബിജെപി സര്‍ക്കാര്‍ സംവരണത്തിനുള്ള മൗലികാവകാശം ഇല്ലാതാക്കണമെന്ന ആവശ്യത്തിലാണെന്നും പ്രിയങ്ക ആരോപിച്ചു.
ദലിത് ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരായ നിയമം ദുര്‍ബലപ്പെടുത്താനാണ് ബിജെപി ആദ്യം ശ്രമം നടക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും സംവരണ നിയമങ്ങളെ തകര്‍ക്കാന്‍ തുടങ്ങിയതായും പ്രിയങ്ക പറഞ്ഞു. ഭരണഘടനയെയും ബാബാസാഹേബ് നല്‍കിയ തുല്യ അവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുകയാണ് ബിജെപിയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അതിനിടെ, എസ്‌സി, എസ്ടി നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രിംകോടതി ശരിവച്ചു. പട്ടികവിഭാഗക്കാരോടുള്ള അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍, രവീന്ദ്രഭട്ട് എന്നിവരുടെ ബെഞ്ചാണ് ഈ നിയമഭേദഗതി ശരിവച്ചത്. നിയമം അനുസരിച്ച് കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം ആവശ്യമില്ലെന്നും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.