കളി മുറുകുമ്പോള്‍ ഗോളിക്ക് ദാഹം; ജര്‍മന്‍ ലീഗില്‍ പിറന്നത് വിചിത്ര ഗോള്‍

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മഹാ അബദ്ധത്തില്‍ പിറന്ന ഗോള്‍ വൈറലാകുന്നു. കളി ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഡുയ്‌സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്‌ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാത്തിന്റെ ഗോളില്‍ കലാശിച്ചത്.

11-ാം മിനുട്ടില്‍ ഇന്‍ഗോള്‍സ്റ്റാത്ത് താരം സ്‌റ്റെഫാന്‍ കുഷ്‌കെയുടെ പെനാല്‍ട്ടി കിക്ക് തടഞ്ഞിട്ട് ഹീറോ ആയ മാര്‍ക്ക് ഫ്‌ളെക്കന്‍ ഏഴു മിനുട്ടിനു ശേഷമാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ച വിഡ്ഢിത്തം കാണിച്ചത്. എതിര്‍ ടീം ആക്രമണം നടത്തുകയും സ്വന്തം ഗോള്‍മുഖം ഭീഷണിയില്‍ നില്‍ക്കുകയും ചെയ്യുന്നതിനിടെ, കളി നടക്കുന്നേയില്ല എന്ന മട്ടില്‍ ഡച്ചുകാരനായ കീപ്പര്‍ വെള്ളക്കുപ്പി എടുക്കാനായി പോസ്റ്റിനുള്ളിലേക്ക് പോവുകയായിരുന്നു.

പ്രതിരോധതാരം ഗെറിത് നൗബര്‍ പന്ത് ഹെഡ്ഡ് ചെയ്ത് പിന്നിലേക്ക് നല്‍കിയെങ്കിലും ഗോള്‍കീപ്പര്‍ അപ്പോള്‍ പോസ്റ്റിനകത്ത് ബോട്ടിലെടുക്കുന്ന തിരക്കിലായിരുന്നു. അവസരം മുതലാക്കി സ്‌റ്റെഫാന്‍ കുഷ്‌കെ പന്ത് വലയിലേക്ക് തട്ടിയിടുമ്പോള്‍ അന്തം വിട്ടു നില്‍ക്കുകയായിരുന്നു ഫ്‌ളെക്കന്‍.

മാര്‍ക്ക് ഫ്‌ളെക്കന്റെ ഭീമാബദ്ധമുണ്ടായിട്ടും മത്സരം ഡുയ്‌സ്ബര്‍ഗ് വിജയിച്ചു. 13-ാം മിനുട്ടില്‍ അഹ്മത് എന്‍ഗിനും 66-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ബോറിസ് താച്ചിയുമാണ് ഗോളുകള്‍ നേടിയത്.