ബിറ്റ്‌കോയിന്‍ ഇടപാട്; മലപ്പുറം സ്വദേശിയായ യുവാവിനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി

ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മര്‍ദ്ദനത്തിനുമൊടുവില്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്തിയവര്‍ മലയാളികള്‍ തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ബിറ്റ്‌കോയിന്‍ ഇടപാടുകളുമായി സജീവമായിരുന്നു യുവാവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വിശദമായത്. 458 കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാട് യുവാവ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ആഷിഖ്, അര്‍ഷാദ്, ഷിഹാബ്, മുനീഫ്, യാസിന്‍, സുഫൈല്‍ മിക്തര്‍, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്‌നൂണ്‍, അരവിന്ദ് സി, അന്‍സിഫ് അലി എന്നിവരാണ് പ്രതികളെന്നു പൊലീസ് വ്യക്തമാക്കി. ഇവരില്‍ നാലു പേര്‍ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതില്‍ നിന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചവരുടെ വിവരം ലഭിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിച്ച അഞ്ച് പേരെ പിടികൂടിയെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

SHARE