കള്ളപ്പണം ബിറ്റ്കോയിനിലൂടെ വെളുപ്പിച്ച കേസ്: മുന്‍ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍

അഹമ്മദാബാദ്: ബിറ്റ്കോയിന്‍ കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ നളിന്‍ കൊട്ടാഡിയ അറസ്റ്റില്‍. ഞായറാഴ്ച് അഹമ്മദാബാദ് ക്രൈംബ്രാോഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്.നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്‍ 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (സി.ഐ.ഡി) നടത്തിയ അന്വേഷണത്തിലാണ് നോട്ടുനിരോധനകാലത്ത് എം.എല്‍.എയായിരുന്ന നളിന്‍ കൊട്ടാഡിയ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ പുറത്തുവന്നത്. 2016 നവംബറിനും 2017 ജനുവരിക്കുമിടയിലുള്ള മൂന്ന് മാസത്തിനിടെയാണ് 4,500 കോടി രൂപയുമാണ് ക്രിപ്റ്റോകറന്‍സി, ബിറ്റ്കോയിന്‍ എന്നിവയിലേയ്ക്ക് മാറ്റി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതെന്നാണ് കണ്ടെത്തിയത്.

2012-17 കാലഘട്ടത്തില്‍ ഗുജറാത്തിലെ ധാരി മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എയായിരുന്നു കൊട്ടാഡിയ. അഴിമതി നിരോധന നിയമപ്രകാരം ഐപിസി സെക്ഷന്‍ 364 എ, 384 (പിടിച്ചുപറി) എന്നീ വകുപ്പുകളാണ് കൊട്ടാഡിയ മേല്‍ ചുമത്തിയിരിക്കുന്നത്.