കോഴിക്കോട്: പക്ഷിപ്പനി ബാധയെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ മാത്രം കൊന്നൊടുക്കിയത് 1266 പക്ഷികളെ. 21 സ്‌ക്വാഡുകളിലായി ചാത്തമംഗലം പഞ്ചായത്ത്, വേങ്ങേരി ഭാഗം എന്നിവിടങ്ങളില്‍ നിന്നായാണ് 1,266 പക്ഷികളെ കൂടി കൊന്നൊടുക്കിയത്. ഇതോടെ 3 ദിവസമായി കൊന്നൊടുക്കിയവയുടെ എണ്ണം 5,026 ആയി. ഇതോടെ കൊടിയത്തൂര്‍, ചാത്തമംഗലം ഭാഗത്തെ കൊന്നൊടുക്കല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മസേന പൂര്‍ത്തിയാക്കി. 1049 വളര്‍ത്തുകോഴികള്‍, 137 ലൗബേര്‍ഡ്‌സ്, 26 താറാവ്, മറ്റ് 54 പക്ഷികളെയാണ് ഇന്നലെ ചുട്ടെരിച്ചത്. 1612 കോഴിമുട്ടകളും 246 കിലോ തീറ്റയും നശിപ്പിച്ചു
ഇന്ന് 20 സ്‌ക്വാഡുകളിലായി വേങ്ങേരി ഭാഗത്ത് പരിശോധന നടത്തും. വേങ്ങേരി ഭാഗത്തെ പക്ഷികളെ കൊന്നൊടുക്കലും ഇന്നത്തോടെ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ അതിര്‍ത്തിവിട്ടും പക്ഷികളെ പിടികൂടുന്നുണ്ടെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തി. നശീകരണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയരുകയാണെങ്കില്‍ കൂടുതല്‍ പോലിസ് സംരക്ഷണം ആവശ്യപ്പെടാനാണ് ദ്രുതകര്‍മ്മ സേനയുടെ തീരുമാനം. നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ദ്രുതകര്‍മ്മ സേനക്കോപ്പം വാര്‍ഡ് കൗണ്‍സിലറും പോലിസ് ഓഫിസറും ഇന്നുമുതലുണ്ടാവും. അതേസമയം, പക്ഷികളെ ഒളിപ്പിച്ചുവയ്ക്കുകയോ സ്ഥലം മാറ്റുകയോ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമപടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചൊവ്വാഴ്ച 1266 പക്ഷികളെയാണ് ദ്രുതകര്‍മ സേന നശിപ്പിച്ചത്.
അതേസമയം കേരളത്തില്‍ പക്ഷിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നും വളര്‍ത്തുപക്ഷികള്‍, കോഴി മുട്ട കോഴിത്തീറ്റ തുടങ്ങിയ കൊണ്ടുവരുന്നത് നിരോധിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക്‌പോസ്റ്റുകളിലും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായും പക്ഷിപ്പനി പടരാതിരിക്കാന്‍ പൊതുജനങ്ങളും സഹകരിക്കണമെന്നും നീലഗിരി കലക്ടര്‍ ഇന്നസന്റ് ദിവ്യ അറിയിച്ചു.