ബിനോയിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്: ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കൊടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെഷന്‍സ് കോടതി വിധി ഇന്ന് പറയും. ഇന്ന് ഉച്ചക്കു ശേഷം രണ്ടേമുക്കാലിനാണ് കേസ് കോടതി പരിഗണിക്കുക. മുംബൈ സ്വദേശിനിയുടെ പരാതിയില്‍ ബിനോയ് കോടിയേരിയെ അന്വേഷിച്ച് കേരളത്തിലെത്തിയ മുംബൈ പൊലീസ് സംഘം തിരിച്ച് മുംബൈയിലെത്തി.

തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ മുംബൈ പൊലീസ് ഏതാനും ദിവസം മുന്‍പ് ആരംഭിച്ചെങ്കിലും ബിനോയിയുടെ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിക്കാന്‍ വൈകുന്നതിനാല്‍ നടപടിയുണ്ടാകാതിരിക്കുകയായിരുന്നു. യുവതിയുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ നിര്‍ണായകമായേക്കാം. 2015-ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തു ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പാസ്‌പോര്‍ട് എടുക്കുന്നതിനു മുന്നോടിയായി പരാതിക്കാരി ബിനോയിയുടെ പേരുചേര്‍ത്തു തന്റെ പേരുപരിഷ്‌കരിക്കുകയും ചെയ്തിരുന്നു.

ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുംബൈയില്‍ പത്രപരസ്യവും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചശേഷമാണു മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ പാസ്‌പോര്‍ട് കണ്ടുകെട്ടുകയും ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യാം. അതേസമയം പാസ്‌പോര്‍ട്ടില്‍ തന്റെ പേരു തെറ്റായി ചേര്‍ത്തതാണെന്നു ബിനോയ് പരാതി നല്‍കിയിട്ടുമില്ല.

അതേസമയം, ബിനോയ് കോടിയേരിക്കെതിരായ പീഡന കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെന്ന് മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ വെളിപ്പെടുത്തി. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദം ഇതോടെ പൊളിഞ്ഞു.

ഏപ്രില്‍ 18ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്‌ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകന്‍ കെ പി ശ്രീജിത്ത് വ്യക്തമാക്കുന്നു. ചര്‍ച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി

അഞ്ചുകോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്‍കിയാല്‍ പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെ പി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയി പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. സ്ത്രീ സുരക്ഷാ വിഷയത്തില്‍ വാചാലരാകുന്ന സി.പി.എം നേതൃത്വത്തിന് യുവതി പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയ്ക്ക് തയ്യാറാവാത്തത്് വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.