പീഡനക്കസ്: ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി 2021-ലേക്ക് മാറ്റി

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് കോടതി 2021 ജൂണ്‍ ഒമ്പതിലേക്ക് നീട്ടി. കേസില്‍ ഡി.എന്‍.എ പരിശോധന ഫലം വൈകുന്നെന്ന് ചൂണ്ടിക്കാണിച്ച് ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.

ലാബില്‍ നേരത്തെയുള്ള നിരവധി കേസുകളുടെ പരിശോധന നടക്കേണ്ടതിനാല്‍ ഡി.എന്‍.എ ഫലം വൈകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. ജൂലായ് 29നായിരുന്നു ബിനോയ് ഡിഎന്‍എക്ക് വിധേയനായത്. രണ്ടാഴ്ച്ചക്കുള്ളില്‍ പരിശോധനഫലം മുദ്രവച്ച കവറില്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് കൈമാറണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പിഡിപ്പിച്ചെന്നും, ആ ബന്ധത്തില്‍ എട്ടു വയസുള്ള കുട്ടിയുണ്ടെന്നും 33 കാരിയായ യുവതിയുടെ പരാതിയിലുണ്ട്. മുംബൈ ഓഷിവാര പൊലീസാണ് ജൂണ്‍ 13ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ പിതാവ് ബിനോയി ആണെന്നും തനിക്കും കുട്ടിക്കും ബിനോയി ചെലവിന് നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. ഡിഎന്‍എ പരിശോധന നടത്താന്‍ ബിനോയ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ബിനോയ് സമ്മതിക്കുകയായിരുന്നു. ഇതിനിടയിലാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

SHARE