ബിനീഷ് പിടികിട്ടാപ്പുള്ളിയും ബിനോയ്ക്ക് വിലക്കും; ദുബായിലെത്തിയാല്‍ ബിനീഷ് അറസ്റ്റിലാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകന്‍ ബിനീഷ് കൊടിയേരിക്കെതിരെയും ദുബായില്‍ വഞ്ചനാകുറ്റത്തിന് കേസുള്ളതായി റിപ്പോര്‍ട്ട്. ഒരു കേസില്‍ ബിനീഷിനെ രണ്ടുമാസം തടവിന് ശിക്ഷിച്ചതായും മൂന്നു വര്‍ഷത്തിനിടെ മൂന്നു കേസുകള്‍ ബിനീഷിനെതിരെ റജിസ്റ്റര്‍ ചെയ്തതായും കോടതി രേഖകള്‍ സഹിതം മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം ബിനീഷ് ദുബായിലെത്തിയാല്‍ അറസ്റ്റിലാകും.

ദുബായിലെ മൂന്നു പൊലീസ് സ്‌റ്റേഷനുകളിലാണു ബിനീഷ് കോടിയേരിക്കെതിരെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രണ്ടേകാല്‍ ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയതായി കാണിച്ചു സ്വകാര്യ കമ്പനി നല്‍കിയ പരാതിയിലാണു ബിനീഷിനെ രണ്ടു മാസത്തെ തടവിനു ശിക്ഷിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഡിസംബറിലാണു കോടതി ബിനാഷിനെതിരെ ശിക്ഷ വിധിച്ചത്. ബാങ്കില്‍നിന്ന് അറുപതിനായിരം ദിര്‍ഹം വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതാണു ബിനീഷിനെതിരെയുള്ള മറ്റൊരു കേസ്. ഈ കേസില്‍ മൂവായിരം ദിര്‍ഹം ബിനീഷ് പിഴ അടയ്ക്കുകയും ചെയ്തു. ദുബായിലെ ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്കു പണം നല്‍കാതിരുന്നതാണു മൂന്നാമത്തെ കേസ്. മുപ്പതിനായിരം ദിര്‍ഹം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നു കമ്പനി ഖിസൈസ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊടിയേരിയുടെ മൂത്തമകന്‍ ബിനോയ്ക്കുനേരെയുള്ള കേസുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ബിനീഷിനു നേരെയുള്ള കേസുകളും പുറത്തുവന്നത്. ബിനോയ്ക്ക് യാത്രാവിലക്കുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ബിനീഷ് ദുബായിലെ പിടികിട്ടാപ്പുള്ളിയാണെന്നുമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.