ഇരമ്പല്‍ ശബ്ദം ഇനിയില്ല; ഡ്യൂക്കിന്റെ ജന്മനാട്ടില്‍ ബൈക്കുകള്‍ നിരോധിച്ചു

വിയന്ന: ഓസ്ട്രിയയുടെ തലസ്ഥാനവും പ്രസിദ്ധ സ്‌പോര്‍ട്‌സ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ കെ.ടി.എമ്മിന്റെ ജന്മനാടുമായ വിയന്നയില്‍ ഇനി മുതല്‍ മോട്ടോര്‍ ബൈക്കുകളുടെ ഇരമ്പല്‍ ശബ്ദം ഉണ്ടാകില്ല. വിയന്ന സിറ്റി സെന്ററില്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഇലക്ട്രിക് ബൈക്കുകള്‍ മുതല്‍ സൂപ്പര്‍ ബൈക്കുകള്‍ക്ക് വരെ ഈ വിലക്ക് ബാധകമാകും.

വിയന്നയില്‍ സ്‌പോര്‍ട്‌സ് കാറുകള്‍ക്കും വിലക്കേര്‍പ്പെടുത്തും. ഓസ്ട്രിയയിലെ മറ്റൊരു നഗരമായ ടൈറോള്‍ സംസ്ഥാനത്ത് മോട്ടോര്‍ സൈക്കിളുകള്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമവും വരുന്നത്. മോട്ടോര്‍ സൈക്കിള്‍ റേസുകള്‍ക്ക് ഉതകുന്ന യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച റോഡുകളാണ് ടിറോളിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇവിടെ സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

സിറ്റി സെന്ററില്‍ ബൈക്ക് വിലക്കിയതിനൊപ്പം പാര്‍ക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തമായി ഗ്യാരേജ് ഉള്ളവര്‍ക്കും പാര്‍ക്കിങ്ങ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ട്. ഈ വിലക്ക് പരിസ്ഥിതി സൗഹാര്‍ദമായ വാഹനങ്ങളെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം എതിപ്പുമായി മുന്നോട്ട് വന്നിരുന്നു. സിറ്റി സെന്ററില്‍ വാഹനങ്ങള്‍ വിലക്കുന്നത് ഉചിതമല്ലെന്നാണ് ഇവരുടെ വാദം.

SHARE