വിവാഹം രജിസ്റ്റര്‍ ചെയ്തു മടങ്ങവേ നവവരന്‍ ബൈക്കപകടത്തില്‍ മരിച്ചു

പാലക്കാട്: വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ നവവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. കല്ലടിക്കോട് സ്വദേശി വി.ആര്‍. രാജീവ് (26) ആണു മരിച്ചത്. ഭാര്യക്ക് മുന്നിലാണ് സൈനികന്‍ കൂടിയായ രാജീവിന്റെ മരണം സംഭവിച്ചത്. ദേശീയപാത തുപ്പനാട് പാലത്തിനു സമീപത്ത് വെച്ച് രാജീവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു പിക്കപ് വാനില്‍ ഇടിക്കുകയായിരുന്നു.

ആസാമിലെ ടെസ്പൂര്‍ സ്വദേശിനിയായ ധന്‍ദാസിന്റെ മകള്‍ പ്രിയങ്കാദാസുമായി കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു രാജീവിന്റെ വിവാഹം. കരിമ്പ പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവധി കഴിഞ്ഞ് ഇന്ന് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെയായിരുന്നു അപകടം.

ആസാമില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് സ്ഥലംമാറ്റം ലഭിച്ച രാജീവ് ഇന്ന് മടങ്ങാനിരിക്കുകയായിരുന്നു. മൃതദേഹം വാലിക്കോട് വേദവ്യാസ സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ട് ഐവര്‍ മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും.

SHARE