തിരുവനന്തപുരം: സിപിഎമ്മിന്റെ ബികാസ് രഞ്ജന്‍ ഭട്ടാചാര്യ രാജ്യസഭയിലേക്കെത്തിയത് കോണ്‍ഗ്രസ് പിന്തുണയോടെയെന്ന് പറയാതെ ദേശാഭിമാനി. പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്കാണ് സിപിഎമ്മിന്റെ ബികാസ് രഞ്ജന്‍ ഭട്ടാചാര്യയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാല് പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബികാസ് രഞ്ജനിലൂടെ രാജ്യസഭയില്‍ ബംഗാളില്‍ നിന്നുള്ള സിപിഎം പ്രാതിനിധ്യം ഇടവേളയ്ക്കുശേഷം തിരിച്ചുകിട്ടിയെന്നും വാര്‍ത്തയിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ബികാസ് രഞ്ജന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്ന സത്യം ദേശാഭിമാനി സൗകര്യപൂര്‍വം വിസ്മരിക്കുകയാണുണ്ടായത്.
ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. താന്‍ കോണ്‍ഗ്രസ്-സിപിഎം സംയുക്ത സാഥാനാര്ത്ഥിയാണെന്ന് ബികാസ് രഞ്ജന്‍ ഭട്ടാചാര്യതന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് സഭയിലെത്തിയതെന്നു പറയാന്‍ സിപിഎം കേരള ഘടകത്തിന് എന്തിത്ര നാണക്കേടെന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ഈ നിര്‍ണായക ഘട്ടത്തിലും അന്ധമായ കോണ്‍ഗ്രസ് വിരോധം പേറി നടക്കുകയാണ് സിപിഎം കേരള ഘടകമെന്നാണ് വിമര്‍ശനം.