തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ ബിജു ലാലിനെ പിരിച്ചുവിടും. നടപടി ഉടന്‍ ഉണ്ടാകും. ട്രഷറി ഡയറക്ടര്‍ ഇന്ന് ധനകാര്യ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും അതിന് ശേഷം പിരിച്ചുവിടല്‍ ഉത്തരവ് ഉണ്ടാകും. പ്രതിയായ ബിജുലാല്‍ 5 അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി കണ്ടെത്തി. പണം തട്ടാന്‍ ഇയാള്‍ക്ക് വേറെ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും അന്വേഷിച്ച് വരികയാണ്. ജില്ലാ കളക്ടറുടെ അക്കൗണ്ടിലുള്ള പണമാണ് തട്ടിയെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ്വേര്ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ പണം തട്ടിയ സീനിയര്‍ അക്കൗണ്ട് ബിജുലാലിന്റെ ഭാര്യയേയും പ്രതിചേര്‍ത്തു. സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടിലേക്കാണ് ഇയാള്‍ പണം മാറ്റിയിരിക്കുന്നത്.
കൂടാതെ ബിജുലാല്‍ മുമ്പ് ജോലി ചെയ്തിരുന്ന ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. രണ്ട് മാസം മുമ്പ് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. മേയ് 31നാണ് സബ്ട്രഷറി ഓഫീസര്‍ വിരമിച്ചത്. അതിന് രണ്ട് മാസം മുമ്പ് മുതല്‍ അദ്ദേഹം അവധിയിലുമായിരുന്നു. വിരമിക്കുന്ന ദിവസം തന്നെ യൂസര്‍നെയിമും പാസ്വേര്ഡും റദ്ദാക്കണമെന്നാണ് ചട്ടം. ഈ യൂസര്‍നെയിം ഉപയോഗിച്ച് ജൂലൈ 27 നാണ് തട്ടിപ്പ് നടത്തിയത്. സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തു.
എന്നാല്‍ പണം കൈമാറ്റം രേഖപ്പടുത്തുന്ന ഡേ ബുക്കില്‍ രണ്ട് കോടിയുടെ വ്യത്യാസം കണ്ടതോടെയാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി. ഇക്കാര്യം സബ്ട്രഷറി ഓഫീസര്‍ ജില്ലാ ട്രഷറി ഓഫീസറേയും വിജിലന്‍സിന്റെ ചുമതലയുള്ള ജോയിന്റ് ട്രഷറി ഡയറക്ടറേയും അറിയിക്കുകയായിരുന്നു.