പ്രതിഷേധങ്ങള്‍ക്കിടെ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികളുമായി ബീഹാര്‍

പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി നടക്കുന്നതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍.)പുതുക്കാനൊരുങ്ങി ബിഹാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ഇതിനു വേണ്ടിയുള്ള വിവരശേഖരണം മേയ് 15 മുതല്‍ 28 വരെ സംസ്ഥാനത്തു നടക്കുമെന്നും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2020ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഇതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണം ബിഹാറില്‍ മേയ് 15 മുതല്‍ 28 വരെ നടക്കുംസുശീല്‍കുമാര്‍ മോദി മാധ്യമങ്ങളോടു പ്രതികരിച്ചു.

ദേശീയ പൗരത്വ ഭേദഗതിയുമായും എന്‍.ആര്‍.സിയുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് ജനസംഖ്യാ രജിസ്റ്റര്‍. ജനസംഖ്യാ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് എന്‍.ആര്‍.സി നടപ്പാക്കുക. അതുകൊണ്ട് തന്നെ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേരളവും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരുന്നു. പൗരത്വ നിയമം നടപ്പാക്കില്ലെന്നായിരുന്നു ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ അത് വെറും തട്ടിപ്പാണെന്നാണ് ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടികളുമായി മുന്നോട്ട് പോവാനുള്ള സര്‍ക്കാര്‍ തീരുമാനം തെളിയിക്കുന്നത്.

SHARE