ബിഹാറില്‍ ഒമ്പതു കുട്ടികള്‍ കാറിടിച്ച് മരിച്ച സംഭവം : കാര്‍ ബി.ജെ.പി നേതാവിന്റേത്, ഡ്രൈവറും നേതാവും ഒളിവില്‍

സീതാമര്‍ഹി : കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുരില്‍ 9 കുട്ടികളുടെ ജീവനെടുത്ത കൊലയാളി വാഹനം ബിജെപി നേതാവിന്റേതെന്ന് ദൃക്‌സാക്ഷികള്‍. ബി.ജെ.പിയുടെ സിതാമര്‍ഹി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബെയ്തയുടെ വണ്ടി കയറിയാണ് കുട്ടികളുടെ മരിച്ചതെന്നാണ് ആരോപണം. നിയന്ത്രണം വിട്ട ബൊലേറൊ കുട്ടികളുടെ മേല്‍ പാഞ്ഞുകയറുമ്പോള്‍ മനോജ് ബെയ്ത വണ്ടിയിലുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ബി.ജെ.പി നേതാവ് മനോജ് ബൈതയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടം ഉണ്ടാക്കിയതെന്നും സംഭവസമയത്ത് ഡ്രൈവര്‍ക്കൊപ്പം ഇയാളും വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുട്ടികളെ വാഹനം ഇടിച്ച ശേഷം ഡ്രൈവര്‍ക്കൊപ്പം ഇയാളും രക്ഷപ്പെടുകയായിരുന്നെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇരുവരും ഒളിവിലാണിപ്പോള്‍.

സംഭവം നടന്ന് ഇത്രയും നേരമായിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പ്രതിഷേധം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു തേജസ്വി പൊലീസ് നിലപാടിനെതിരെ രംഗത്തെത്തിയത്. അപകട സമയത്ത് ബി.ജെ.പിയുടെ ബോര്‍ഡ് വാഹനത്തില്‍ ഉണ്ടായിരുന്നെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും പറഞ്ഞ തേജസ്വി അധികാരത്തിലുള്ള ബി.ജെ.പി നേതാക്കളെല്ലാം ലഹരിയിലാണെന്നും കുറ്റപ്പെടുത്തി. മദ്യനിരോധം നിലവിലുള്ള ബിഹാറില്‍ ഡ്രൈവര്‍ക്ക് എവിടെനിന്നാണ് മദ്യം ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിയന്ത്രണം വിട്ട വാഹനം സ്‌കൂള്‍ വിട്ട് പുറത്തുവരികയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. മിനാപൂര്‍ ദേശീയപാതയ്ക്ക് സമീപമുള്ള സര്‍ക്കാര്‍ യുപി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ 24 കുട്ടികള്‍ ശ്രീകൃഷ്ണ മെമ്മോറിയല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുര്‍ന്ന് അധ്യാപകരെ മര്‍ദ്ദിച്ച നാട്ടുകാര്‍ സ്‌കൂള്‍ അടിച്ച തകര്‍ക്കുകയും ചെയ്തിരുന്നു.