തിരൂര്‍: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതി ബിബിന്റെ വധവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രൈംസ്ക്വാഡ് അന്വേഷണം ശക്തമാക്കി. പഴുതുകളടച്ച അന്വേഷണമാണ് സംഘം നടത്തുന്നത്. അതിന്റെ ഭാഗമായി പ്രതികളെന്ന് സംശയിക്കുന്നവരുമായി ബന്ധമുള്ള മൂന്ന് പേരെ വ്യാഴാഴ്ച രാത്രിയോടെ തന്നെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബിബിന്റെ പ്രദേശത്തുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍. ഇതില്‍ ഒരാള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായ സൂചനകള്‍ ലഭിച്ചു. സമാനമായ മുന്‍സംഭവങ്ങളില്‍ ഉള്‍പെട്ട ഒരു വിഭാഗം പ്രവര്‍ത്തകരെ ചുറ്റിയാണ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷം ചിലരെ കാണാതായത് സംബന്ധിച്ച അന്വേഷണത്തിലാണ് മൂന്ന്പേരെ കസ്റ്റഡിയിലെടുത്തത്. ക്രൈംസ്ക്വാഡ് അന്വേഷണം വേഗത്തിലാക്കാനുള്ള നടപടികളിലാണ്.
അതേസമയം പൊലീസിന്റെ കനത്ത ജാഗ്രത അനിഷ്ട സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകമായിട്ടുണ്ട്. അക്രമം നടത്തിയാല്‍ വെടിവെക്കാനുള്ള തീരുമാനവും അക്രമികളെ പിന്തിരിപ്പിക്കാന് കാരണമായി. കൊല്ലപ്പെട്ട വിവരം അറിഞ്ഞ ഉടന്‍ തന്നെ ജില്ലയിലെ സി.ഐ മാര്‍, എസ്.ഐമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡുകളാക്കി വിന്യസിച്ചിരുന്നു.