കൊറോണയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ കാറില്‍ ജീവിതംകഴിച്ച് ഡോക്ടര്‍

ലോകത്താകമാനം കൊറോണ വൈറസിനെതിരായ യുദ്ധം തുടരവെ വീട്ടിലിരുന്നും പ്രതിരോധത്തിന്റെ കോട്ടകള്‍കെട്ടി ആരോഗ്യപ്രവര്‍ത്തനത്തിലുമായി നിരവധിയാളുകള്‍ ഹീറോകളായി മാറുകയാണ്. അത്തരത്തിലൊരു യോദ്ധാവിന്റെ കഥയാണ് ഭോപ്പാലില്‍ നിന്നും കേള്‍ക്കുന്നത്. ഭോപ്പാലിലെ ജെപി ആസ്പത്രിയില്‍ കോവിഡ് മേഖലയില്‍ ജോലിചെയ്യുന്ന ഡോ. സച്ചിന്‍ നായക് തന്റെ കാറില്‍ ഒഴിവ് സമയം കഴിച്ചുകൂട്ടുന്ന വാര്‍ത്തയാണ് ത്യാഗത്തിന്റെ നേര്‍ക്കാഴ്ചയായി പുറത്തുവരുന്നത്.

കൊറോണ വൈറസ് ബാധിച്ചവര്‍ക്കിടയില്‍ ജോലി ചെയ്യുന്ന ഡോ. സച്ചിന്‍ ആസ്പത്രിയില്‍ ജോലി പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ ഒഴുവുദിവസങ്ങളില്‍ പോലും വീട്ടില്‍ പോകുന്നില്ല. പകരം താന്‍ ഇടപെടുന്നിടത്തുനിന്നും വൈറസ് മറ്റാരിലേക്കും എത്താതിരിക്കാന്‍ തന്റെ കാര്‍ തന്റെ ഭവനമാക്കി മാറ്റിയിരിക്കുകയാണ് ഡോക്ടര്‍.

വീ്ട്ടില്‍ ഭാര്യയെയും കുട്ടിയെയുമാണുള്ളത്. അവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത മുന്നില്‍കണ്ടാണ് അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലായി കാറിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടുന്നത്.

ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ശേഷം ആസ്പത്രിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലേക്കാണ് ഡോ. സച്ചിന്‍ പോവുന്നത്. തന്റെ ദൈനംദിന കാര്യങ്ങള്‍ക്കുള്ള സഞ്ചീകരണവും വായനക്കായുള്ള പുസ്തകങ്ങളും ഡോക്ടര്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്.

ഒഴിവുസമയങ്ങള്‍ കുടുംബത്തെ ഫോണിലോ വീഡിയോ കോളിലോ സംസാരിച്ചും പുസ്തകങ്ങള്‍ വായിച്ചും തള്ളിനീക്കും. ഒരാഴ്ചയോളമായി ഇത് തുടരുകയാണെന്ന് ഡോ. സച്ചിന്‍ നായക് പറയുന്നു.

ഭോപ്പാലില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍, ഞാന്‍ അത്ര ഭയപ്പെട്ടില്ല, എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ പോസിറ്റീവ് കേസുകള്‍ വളരെയധികം കണ്ടു. അതോടെ വീട്ടില്‍ പോവുന്നത് ഒഴുവാക്കി താമസം കാറില്‍ തുടരാന്‍ തീരുമാനിച്ചു, ഡോ.സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ സച്ചിന്‍ നായക്കിന്റെ കാര്‍ ജീവിതത്തിന്റെ ചിത്രങ്ങള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.