സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്ക് വിതരണം; പ്രിന്‍സിപ്പളിനെ സസ്‌പെന്‍ഡ് ചെയ്തു

ഭോപാല്‍: ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവ് വി.ഡി സവര്‍ക്കറിന്റെ ചിത്രമുള്ള നോട്ടുബുക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിച്ച മധ്യപ്രദേശ് സ്‌കൂള്‍ പ്രിന്‍സിപ്പളിന് സസ്‌പെന്‍ഷന്‍.

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് “വീര്‍ സവര്‍ക്കര്‍ ജനഹിതാര്‍ഥ സമിതി” എന്ന സംഘടന നോട്ടുബുക്കുകള്‍ വിതരണം ചെയ്തത്. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ആര്‍.എന്‍ കെരാവതിന്റെ അനുമതിയോടെയാണ് ഇവര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവാദ പുസ്തകം വിതരണം ചെയ്തത്. ഒമ്പത്, പത്ത് ക്ലാസുകളിലായി 500 നോട്ടുബുക്കുകള്‍ വിതരണം ചെയ്താണ് സവര്‍ക്കറിന്റെ ചിത്രം സംഘടന പ്രചരിപ്പിച്ചത്.

കഴിഞ്ഞ നവംബര്‍ നടന്ന നോട്ട് ബുക്കുകള്‍ വിതരണത്തിന്റെ ചിത്രങ്ങള്‍ ഇതേ സംഘടന സമൂഹമാധ്യമങ്ങളില്‍ ഇട്ടതോടെയാണ് വിവാദമായത്.
തുടര്‍ന്ന് വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേരാവത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പരിപാടി സംഘടിപ്പിക്കാന്‍ ഒത്താശ ചെയ്തുവെന്നതാണ് പ്രിന്‍സിപ്പാളിനെതിരായ ആരോപണം. തുടര്‍ന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ആര്‍.എന്‍. കെരാവത്തിനെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.