പേര് തിരുത്തിയ വിവാദത്തിന് പിന്നാലെ യു.പിയില്‍ അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ ആക്രമണം

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ ആക്രമണം. യു.പിയിലെ യോഗി സര്‍ക്കാര്‍ ഡോ.ബി.ആര്‍ അംബേദ്കറിന്റെ പേര് ഔദ്യോഗിക രേഖകളില്‍ ഡോ.ഭീംറാവു രാംജി അംബേദ്കര്‍ എന്ന് തിരുത്തിയത് വിവാദമായതോടെയാണ് അംബേദ്കര്‍ പ്രതിമകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അലഹബാദിലും ദുമാരിയാന്‍ഗദജിലെ ഗൗഹാനിയയിലും സ്ഥാപിച്ച പ്രതിമകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ത്രിവേണിപുരത്തും അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി. റസിഡന്റ് പാര്‍ക്കില്‍ സ്ഥാപിച്ച പ്രതിമയുടെ ശിരസ് തകര്‍ക്കുകയായിരുന്നു.


ദുമാരിയാന്‍ഗദജിലെ ഗൗഹാനിയയില്‍ സ്ഥാപിച്ച പ്രതിമയുടെ മൂക്കും കൈയ്യും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവിടെ അക്രമം നടന്നത്. ഇതോടെ യുപിയില്‍ തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമകളുടെ എണ്ണം നാലായി. തകര്‍ത്ത പ്രതിമകള്‍ നീക്കം ചെയ്തതായും സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
അതേസമയം പ്രതിമകള്‍ക്ക് നേരെ അക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് കൊണ്ടാണ് രാജ്യത്താകമാനം ദലിതര്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി കുറ്റപ്പെടുത്തി.