ഭീമ കൊറേഗാവ് കേസ്; പിന്‍വലിക്കണമെന്ന എന്‍സിപിയുടെ ആവശ്യം അംഗീകരിച്ച് ഉദ്ധവ് താക്കറെ

മുംബൈ: ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ദളിത് നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്ന എന്‍സിപിയുടെ നേതാക്കളുടെ ആവശ്യം അംഗീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇതുസംബന്ധിച്ച് എന്‍സിപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ജയന്ത് പാട്ടീല്‍, ചഗന്‍ ഭുജ്ബാല്‍, പ്രകാശ് ഗജ്ഭിയേ എന്നിവര്‍ അടങ്ങുന്ന കാബിനറ്റ് അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കഴിയുന്നതും എത്രയും വേഗത്തില്‍ കേസ് പിന്‍വിക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഭീമാ കൊറേഗാവ് പ്രക്ഷോഭത്തിലും ഇന്ദു മില്‍ പ്രക്ഷോഭത്തിലും പങ്കുണ്ടെന്നാരോപിച്ചാണ് ആക്ടിവിസ്റ്റുകള്‍ക്കെതിരെ ചുമത്തിയത് ക്രിമിനല്‍ കേസാണെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞിരുന്നു. അതുകൊണ്ട് എത്രയും വേഗം കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നു എന്‍സിപിയുടെ ആവശ്യം. ഇത് ഉദ്ധവ് താക്കറെ അംഗീകരിച്ചതായ്ി ഗജ്ഭിയേ പറഞ്ഞു.

2017 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏകദേശം നാല് ലക്ഷം പേര്‍ പങ്കെടുത്ത ഭീമാ കൊറേഗാവ് റാലിയിലേക്ക് കുറച്ചുപേര്‍ കാവി കൊടിയുമായി എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇത് ഉന്തിലും തള്ളിലും എത്തുകയും കലാപത്തില്‍ കലാശിക്കുകയുമായിരുന്നു. 187 സര്‍ക്കാര്‍ ബസുകളും നിരവധി വാഹനങ്ങളും 31 ജില്ലകളിലായി തകര്‍ക്കപ്പെട്ടു. 152 പേര്‍ക്കെതിരെ 58 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് താക്കറെ അധികാരമേറ്റത്. മനോഹര്‍ ജോഷി, നാരായണ റാണെ എന്നിവര്‍ക്ക് ശേഷം ഈ പദം അലങ്കരിക്കുന്ന മൂന്നാമത്തെ ശിവസേന നേതാവാണ് ഉദ്ധവ്. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

SHARE