ഭീമ-കൊറിഗാവ് സംഘര്‍ഷം: തീവ്ര ഹിന്ദുത്വ  സംഘടന നേതാവ് അറസ്റ്റില്‍

പൂനെ: ഭീമ കൊറിഗാവ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലെ മുഖ്യപ്രതി മിലിന്ദ് എക്‌ബോട്ട അറസ്റ്റില്‍. സമസ്ത ഹിന്ദു അഘാദി എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവായ ഇയാളെ ശിവാജി നഗറിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എക്‌ബോട്ടയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.

ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി നിന്ന് ദളിതര്‍ മറാത്ത പേഷ്വാകളോട് യുദ്ധം ചെയ്ത് ജയിച്ചതിന്റെ 200-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സ്വാഭിമാനാഘോഷയാത്രയെ ഹിന്ദുത്വവാദികള്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. ജനുവരി ഒന്നിനു പുനെയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 60 പൊലീസുകാര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതിക്രമം നടന്ന് മൂന്നുമാസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായതോടെയാണ് ഏക്ബോട്ടയെ കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നും നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 162 പേര്‍ പ്രതികളാണ്.