ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു


ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് അറസ്റ്റ്. മുംബൈയിലെ ഓഫീസില്‍ സാക്ഷി മൊഴി രേഖപ്പെടുത്താനെന്ന പേരില്‍ വിളിപ്പിച്ച ശേഷമാണ് എന്‍.ഐ.എ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ഈ കേസില്‍ എന്‍.ഐ.എ ഹാനി ബാബു അടക്കം മൂന്ന് പേര്‍ക്ക് സമന്‍സ് അയച്ചിരുന്നു. എന്‍.ഐ.എയുടെ മുംബൈയിലെ ഓഫീസില്‍ വെച്ച് ജൂലൈ 23ന് ഹാനി ബാബുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജൂലൈ 12നാണ് പ്രൊഫസര്‍ ഹാനി ബാബുവിനെ എന്‍.ഐ.എയെ മുംബൈയിലേക്ക് വിളിപ്പിച്ചത്.

2019 സെപ്റ്റംബറില്‍ പൂനെ പൊലീസില്‍ നിന്നുള്ള 20 ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരാണ് ഭീമ കൊറേഗാവ് കേസുമായി ഇത് വരെ അറസ്റ്റിലായവര്‍.

SHARE