ലക്‌നൗ: സി.എ.എ വിരുദ്ധ പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്ന ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ ഭീം ആര്‍മി രാഷ്ട്രീയപ്പാര്‍ട്ടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.
ഭീം ആര്‍മി രാഷ്ട്രീയപ്പാര്‍ട്ടിയായി രൂപാന്തരപ്പെടുന്നതോടെ ബി.എസ്.പിയുടെ മായാവതിയാണ് പ്രതിസന്ധിയിലാവുക. ബി.എസ്.പിയുടെ മുന്‍ എം.പി, എം.എല്‍.സിമാരെ പാര്‍ട്ടിയിലേക്ക്് കൊണ്ടുവരാന്‍ ഇപ്പോള്‍ തന്നെ ഭീം ആര്‍മി പദ്ധതിയിടുന്നുണ്ട്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും നിരവധി നേതാക്കള്‍ ഇതിനകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഏതാനും ബി.എസ്.പി നേതാക്കള്‍ ലക്‌നൗവില്‍ വെച്ച് അടുത്തിടെ ചന്ദ്രശേഖര്‍ ആസാദിനെ കാണുകയും ചെയ്തിരുന്നു.
ജാതി വിവേചനത്തിനെതിരായും ദളിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനുമായി രൂപീകരിച്ച സംഘടന രാഷ്ട്രീയ പാര്‍ട്ടിയാകുകയാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആ സമയമാണ് സിഎഎ എന്ന ഭരണഘടന വിരുദ്ധ നിയമം നടപ്പാക്കിയത്. പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനം-ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം തന്റെ ആഗ്രഹമായിരുന്നില്ലെന്നും പക്ഷേ സാഹചര്യങ്ങല്‍ നിര്‍ബന്ധിക്കുകയായരുന്നെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മായാവതിയെയും അദ്ദേഹം വിമര്‍ശിച്ചു. ഒരുകാലത്ത് കിരീടം വെക്കാത്ത ദലിത് നേതാവായിരുന്നു മായാവതി. എന്നാല്‍, പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹത്താല്‍ അവര്‍ ശത്രുക്കളുമായി കൂട്ടുകൂടി. സ്വാധീനം കുറയുന്നതിനാല്‍ സഹായികളെല്ലാം മായാവതിയെ ഉപേക്ഷിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. യുപിയിലെ മുസ്ലിം ജനവിഭാഗത്തിന്റെ ശക്തമായ പിന്തുണ ചന്ദ്രശേഖര്‍ ആസാദിന് ലഭിക്കുമെന്നാണ് കരുതുന്നത്.