ഭീം ആര്‍മി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ തല വേദനിക്കുക യോഗിക്കായിരിക്കും

ഉത്തര്‍പ്രദേശില്‍ സുപ്രധാന രാഷ്ട്രീയ നീക്കത്തിനൊരുങ്ങിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ഭീം ആര്‍മിയെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാനാണ് നീക്കം. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മദിനമായ മാര്‍ച്ച് 15ന് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ യു.പിയില്‍ അത് യോഗി ആദിത്യനാഥിന്റെയും മായാവതിയുടെയും ചരമഗീതമെഴുതുമെന്നത് തീര്‍ച്ചയാണ്. ആസാദിന്റെ ഓരോ രാഷ്ട്രീയ നീക്കവും ഇപ്പോള്‍ തന്നെ കൗതുകത്തോടെയാണ് രാജ്യം മുഴുവന്‍ നോക്കിക്കാണുന്നത്.

പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളില്‍ ഏറ്റവും മുന്‍നിരയില്‍ അടയാളപ്പെടുത്താവുന്ന ആളാണ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹി ജുമാമസ്ജിദ് പരിസരത്ത് ഒരു വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം നടന്ന വമ്പിച്ച പ്രതിഷേധത്തിന് ടെറസുകള്‍ തോറും ചാടിക്കടന്ന് പൊലീസിനെ വെട്ടിച്ച് കടന്നു വന്ന ധീരന്‍. അന്നുതൊട്ട് സി.എ.എ പ്രതിഷേധത്തിലെ ഇന്ത്യയിലെ മുന്നണിപ്പോരാളിയാണ് അദ്ദേഹം. അതോടെ ചന്ദ്രശേഖര്‍ ആസാദ് എന്ന പേരും ഭീം ആര്‍മി എന്ന പാര്‍ട്ടിയും വാനോളം ഉയര്‍ന്നു. ജനങ്ങള്‍ക്ക് അദ്ദേഹം ഇമാമായി.

അത്രമേല്‍ ജനകീയനായ ചന്ദ്രശേഖര്‍ ആസാദ് പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് ഉത്തര്‍പ്രദേശിന്റെ ഭൂമികയില്‍ പുതിയ രാഷ്ട്രീയ സമവാക്യത്തിനാണ് നാന്ദി കുറിക്കുക. യു.പിയിലെ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഒരുപക്ഷേ, ഡല്‍ഹിയില്‍ കെജ്രിവാള്‍ ഉദയം ചെയ്തതു പോലെയൊരു പ്രകമ്പനമായാലും അത്ഭുതപ്പെടാനില്ല.

എന്തെന്നാല്‍ ചന്ദ്രശേഖര്‍ ആസാദ് എന്ന പേരിന് അത്രമേല്‍ പെരുമയുണ്ടിപ്പോള്‍. ജനങ്ങളാല്‍ സ്‌നേഹിക്കപ്പെടാന്‍ തക്കമുള്ള വ്യക്തിഗുണവും അദ്ദേഹം ആര്‍ജിച്ചു. ഇനി ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടുന്നതോടെ ബി.ജെ.പിയുടെ സംസ്ഥാനത്തെ നിലനില്‍പു തന്നെ ഭീഷണിയാകും. പൗരത്വ നിയമത്തിനെതിരെ നില്‍ക്കുന്ന ഒരു വലിയ വിഭാഗം ഭീം ആര്‍മിക്കൊപ്പം ചേരും. യു.പിയിലെ വലിയ അളവിലുള്ള മുസ്‌ലിംകളും ചന്ദ്രശേഖര്‍ ആസാദിന് പിന്നില്‍ അണിനിരക്കും. ഒപ്പം ദലിതരും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരും യോഗി സര്‍ക്കാരിന്റെ ക്രൂര പീഡനങ്ങള്‍ക്ക് വിധേയരായവരും ഒപ്പം നില്‍ക്കുന്നതോടെ വലിയ ഒരാള്‍ക്കൂട്ടമുള്ള പാര്‍ട്ടിയായി ഭീം ആര്‍മി മാറുമെന്നത് തീര്‍ച്ചയാണ്. അത് 2022ല്‍ യോഗിയുടെ പതനത്തിലേക്കായിരിക്കും ആത്യന്തികമായി നയിക്കുക.

ബി.ജെ.പിയിലെ ചില സഖ്യകക്ഷികളും ചന്ദ്രശേഖര്‍ ആസാദിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ബി.ജെ.പിയുമായി നേരത്തെ അടുപ്പമുണ്ടായിരുന്ന എസ്.ബി.എസ്.പി പോലുള്ള ചില കക്ഷികളും ആസാദിനൊപ്പം നില്‍ക്കും. ഇവര്‍ കഴിഞ്ഞ ദിവസം ആസാദുമായി ചര്‍ച്ച നടത്തിയിരുന്നു.

രാഷ്ട്രീയ രൂപമായി മാറിയിട്ടില്ലാത്ത പാര്‍ട്ടിയുടെ അധ്യക്ഷനായിട്ടു പോലും യു.പിയിലെ നിലവിലെ അവസ്ഥയില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവാണ് ചന്ദ്രശേഖര്‍ ആസാദ്. പാര്‍ട്ടി രാഷ്ട്രീയമായി രൂപാന്തരം പ്രാപിക്കുന്നതോടെ ആ ജനപിന്തുണ ഏറാനേ തരമുള്ളു. അതോടെ എതിരാളികളില്ലാതെ വിലസുന്ന യോഗി ആദിത്യനാഥിന്റെ അധികാര ഹുങ്ക് തീരും.

മായാവതിക്കും ഇത് വലിയ ദോഷം ചെയ്യുമെന്നുറപ്പാണ്. ബി.എസ്.പിയുടെ മുന്‍ എം.പി, എം.എല്‍.സിമാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ഇപ്പോള്‍ തന്നെ ഭീം ആര്‍മി പദ്ധതിയിടുന്നുണ്ട്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും നിരവധി നേതാക്കള്‍ ഇതിനകം തന്നെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഏതാനും ബി.എസ്.പി നേതാക്കള്‍ ലക്‌നൗവില്‍ വെച്ച് അടുത്തിടെ ചന്ദ്രശേഖര്‍ ആസാദിനെ കാണുകയും ചെയ്തിരുന്നു. ഒരുകാലത്ത് കിരീടം വെക്കാത്ത ദലിത് നേതാവായിരുന്നു മായാവതി. എന്നാല്‍, പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹത്താല്‍ അവര്‍ ശത്രുക്കളുമായി കൂട്ടുകൂടി. സ്വാധീനം കുറയുന്നതിനാല്‍ സഹായികളെല്ലാം മായാവതിയെ ഉപേക്ഷിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.