ഭീം ആര്‍മിയുടെ ഭാരത് ബന്ദ് തുടങ്ങി

ന്യൂഡല്‍ഹി: സംവരണം അട്ടിമറിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ ഭീം ആര്‍മി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തില്‍ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം വേണമെന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഉള്ള ഭീം ആര്‍മിയുടെ ആവശ്യം. പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, എന്‍.ആര്‍.സി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ബന്ദിന് ബീഹാറില്‍ ആര്‍.ജെ.ഡി, ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമെമ്പാടും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപരുത്ത് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. വാഹനങ്ങള്‍ തടയാനോ കച്ചവട സ്ഥാപനങ്ങള്‍ അടപ്പിക്കാനോ ജില്ലയില്‍ എങ്ങും ശ്രമമുണ്ടായിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ഭീം ആര്‍മി പ്രഖ്യാപിച്ച ഭാരത് ബന്ദിനെ പിന്തുണച്ച് സംസ്ഥാനത്ത് രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം തുടങ്ങി 12 ദളിത് സംഘടനകളാണ് ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നത്.

SHARE