ബിഹാറില്‍ ബി.ജെ.പിക്കും നിതീഷ് കുമാറിനും ഭീഷണിയായി ഭീം ആര്‍മി

പറ്റ്‌ന: ബിഹാറില്‍ എന്‍.ഡി.എ സഖ്യത്തിന് ഭീഷണിയായി പ്രബല ദലിത് സംഘടനയായ ഭീം ആര്‍മി രംഗത്ത്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിശാല പ്രതിപക്ഷം ഉയര്‍ത്തുന്ന ഭീഷണിക്ക് പിന്നാലെയാണ് ബിഹാറില്‍ ദലിത് വിഭാഗത്തിനിടയില്‍ പ്രചാരമുള്ള ഭീം ആര്‍മി ബിജെപി-ജെഡിയു സഖ്യത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ ജെ.ഡി.യു ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന ഭീം ആര്‍മിയുടെ ഭീഷണി എന്‍.ഡി.എക്ക് ചെറുതല്ലാത്ത തലവേദനയാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. ബിജെപിയാണ് സംഘടനയുടെ മുഖ്യശത്രുവെന്ന് ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ അമര്‍ അസാദ് വ്യക്തമാക്കിയതോടെയാണ് സംഘടന മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭീഷണിയായിരിക്കുന്നത്.

ദലിത് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും അവര്‍ക്ക് വോട്ട് ചെയ്യില്ലെന്നും അമര്‍ അസാദ് കൂട്ടിച്ചേര്‍ത്തു. ദലിത് വിഭാഗങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരല്ല. ജെഡിയുവിന് ചെയ്യുന്ന ഓരോ വോട്ടും സഖ്യകക്ഷിയായ ബിജെപിയെ സഹായിക്കും. അതു സംഭവിക്കാന്‍ പാടില്ല. ബിജെപിയുടെ ദലിത് വിരുദ്ധ നിലപാടുകള്‍ മൂലം ജെഡിയു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. 2019ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എല്ലാ വീടുകളിലും ഈ സന്ദേശം എത്തിക്കും. നിതീഷ് കുമാറിനോട് സഹതാപമുണ്ടെങ്കിലും അവര്‍ക്കു വോട്ട് ചെയ്യില്ല അമര്‍ അസാദ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ 2014ല്‍ രൂപംകൊണ്ട ഭീം ആര്‍മിക്ക് ബിഹാറിലും ജനപിന്തുണയുണ്ട്. 2014ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 40ല്‍ 22 സീറ്റ് ബിജെപി വിജയിച്ചിരുന്നു. ആകെ ജനസംഖ്യയില്‍ 16 ശതമാനം വരുന്ന ദലിത് വോട്ടുകളില്‍ വലിയ പങ്ക് അന്ന് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.