ആദ്യ വെടിയുണ്ട ഞാന്‍ ഏറ്റുവാങ്ങും: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍

ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ഊര്‍ജ്ഞം പകര്‍ന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.ഞങ്ങളുടെ സഹോദരങ്ങളുടെ വിയര്‍പ്പ് ഒഴുകുന്നിടത്ത് ഞങ്ങള്‍ രക്തം നല്‍കും. ഞാനിവിടെ ഇരിക്കുന്നത് ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നലെ രാത്രി ദല്‍ഹി പൊലീസ് ആസ്ഥാനപരിസരത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അക്രമത്തിന് ശേഷമാണ് പൊലീസ് ആസ്ഥാന പ്രതിഷേധം ശക്തമായത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് ജാമിയയില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടിരുന്നു. ബസ്സടക്കമുള്ള വാഹനങ്ങള്‍ പൊലീസ് കത്തിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതെല്ലാം പ്രതിഷേധക്കാര്‍ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റിരുന്നു.