‘പ്രതിസന്ധികളില്‍ പൊതുസമൂഹവും കുടുംബവും കൂടെ നിന്നു’; ഭാവന; അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഏഷ്യാനെറ്റിനോട് ഭാവന

കൊച്ചി: സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് നടി ഭാവന. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പറഞ്ഞു. താന്‍ അതില്‍ ആക്ടീവ് ആയിട്ടില്ലെന്നും താരം വിവിധ ചാനലുകള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് ഭാവന അറിയിച്ചതോടെ ചാനല്‍ പിന്‍മാറുകയായിരുന്നു.

പുതിയ ചിത്രം ആദം ജോണിന്റെ സിനിമാവിശേഷങ്ങള്‍ പങ്കുവെക്കാനാണ് ഭാവനയെത്തിയത്. സിനിമയിലായാലും ജീവിതത്തിലായാലും തിരിച്ചടികള്‍ വന്നപ്പോള്‍ താന്‍ തന്നെയാണ് സ്വയം കരുത്തായതെന്നും അതോടൊപ്പം കുടുംബവും അടുത്ത സുഹൃത്തുക്കളും പൊതു സമൂഹവും കൂടെ നിന്നെന്നും ഭാവന പറഞ്ഞു.സിനിമ ഒരു പാട് മാറി. പക്ഷെ നല്ല രീതിയിലുള്ള മാറ്റമാണുണ്ടായത്. പുതിയ സംവിധായകരും കലാകാരന്‍മാരും രംഗത്ത് വന്നു. സൂപ്പര്‍ സ്റ്റാര്‍ പദവികളില്‍ നിന്ന് അഭിനേതാക്കളിലേക്കുള്ള മാറ്റവും മലയാള സിനിമയില്‍ ഉണ്ടായി .ഈ മാറ്റം ശുഭസൂചനയാണ്. ഒരു സിനിമയുടെ വിജയം കൊണ്ട് എനിക്കാരും ശമ്പളം കൂട്ടിത്തന്നിട്ടില്ലെന്നു ഭാവന വ്യക്തമാക്കി. വിവാഹം കഴിഞ്ഞാലും അഭിനയ രംഗത്ത് തുടരും. തന്റെ ഭാവി വരനും അതിനോട് യോജിപ്പാണെന്നും ഭാവന പറഞ്ഞു.