ഭാഷാസമരം: ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മരണമില്ല

പി.കെ ഫിറോസ്
(മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)

ആദര്‍ശ സമരവീഥിയില്‍ ജീവാര്‍പ്പണം ചെയ്ത മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ കുഞ്ഞിപ്പ, പുത്തൂര്‍ പള്ളിക്കലെ ചിറക്കല്‍ അബ്ദുറഹ്മാന്‍ എന്നിവരെക്കുറിച്ചുള്ള ധീരസ്മൃതികളുണരുന്ന ദിനമാണിന്ന്. സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അറബി ഭാഷയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ അറബി, ഉര്‍ദു, സംസ്‌കൃതം ഭാഷകള്‍ക്കെതിരെ കരിനിയമങ്ങള്‍ കൊണ്ടു വന്ന ഇടതു സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ അവകാശ പോരാട്ടത്തിന്റെ ഉജ്ജ്വലമായ ഓര്‍മകളാണ് ഈ മൂന്നു പേര്‍. ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ രൂപം കൊണ്ട ജനകീയ മൂന്നേറ്റത്തിന്റെ മായാത്ത ഓര്‍മയായി പതിറ്റാണ്ടുകള്‍ക്കിപ്പുറവും 1980 ജൂലൈ 30 നിലനില്‍ക്കുന്നു.

ഓരോ ഭാഷാ സമരദിനവും ്നിശ്ചയദാര്‍ഢ്യത്തിന്റെയും ഇഛാശക്തിയുടെയും ആത്മസമര്‍പ്പണത്തിന്റെയും യുവ മാതൃകകളെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ നമ്മുടെ ദൗത്യത്തെക്കുറിച്ചുള്ള ബോധ്യങ്ങളുടെ ആവശ്യകതയെ അടിവരയിട്ടു കൊണ്ടാണ് ഓരോ വര്‍ഷവും കടന്നു പോവുന്നത്.

ക്രിയാത്മകമായ യൂവജനമുന്നേറ്റമാണ് സമൂഹത്തെ കൃത്യമായ പാതയിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ ഏറ്റവും വലിയ യുവജന വിഭവശേഷിയുള്ള രാജ്യമാണ് ഇന്ത്യ. സമൃദ്ധമായ വിഭവശേഷിയെ കാര്യക്ഷമമായി വിനിയോഗിക്കുന്നതില്‍ ഭരണകൂടങ്ങള്‍ എത്രത്തോളം ശ്രദ്ധചെലുത്തുന്നുവെന്ന അന്വേഷണം തീര്‍ച്ചയായും തൃപ്തികരമായ ഒരു ഉത്തരത്തിലേക്ക്് നമ്മെ എത്തിക്കണമെന്നില്ലെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായ ബോധ്യമുള്‍ക്കൊള്ളുന്ന യുവ ജനത ഇന്ത്യയില്‍ ഇന്നു രൂപപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് ന്യൂനപക്ഷ ബഹുജന്‍ കൂട്ടായ്മകള്‍ അത്തരമൊരു മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഭരണഘടനാദത്തമായ അവകാശ പോരാട്ടങ്ങള്‍ നേടിയെടുക്കുന്നതിനായി ഇന്ത്യയില്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന യുവ ജനമുന്നേറ്റങ്ങള്‍ ശുഭ സൂചനയാണ് നല്‍കുന്നത്. സര്‍ഗാത്മകമായി സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യതകളെക്കുറിച്ച് അന്ധനായ മലയാളിയെയാണ് ഓരോ ദിവസവും നാം കാണുന്നത്. മറിച്ച്് അനവസരങ്ങളെ അവസരങ്ങളായി കാണുകയും അതിനെ എങ്ങനെ സെന്‍സേഷനലാക്കി മാറ്റാം എന്നു തലപുകഞ്ഞു ആലോചിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ സംസ്‌കാരം നമുക്കിടയില്‍ ഇന്നു വ്യാപകമായിരിക്കുന്നു. ഹനാനെന്ന വി്ദ്യാര്‍ത്ഥിനിയുമായി ബന്ധപ്പെട്ട് ചില സൈബര്‍ പോരാളികള്‍ നടത്തിയ ഹീനമായ പ്രചരണങ്ങള്‍ ഈ പരമ്പരയിലെ ഏറ്റവുമൊടുവിലത്തെ ചിത്രമാണ് നമുക്ക് നല്‍കിയത്.

മലയാളികളെപ്പോലെ തരം താണ ഒരു സമൂഹം വേറെയുണ്ടോയെന്നു സംശയിച്ചു പോവുന്ന തരത്തിലാണ് ഹനാനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യയുണ്ടായത്. കേരളത്തില്‍ പ്രത്യേകിച്ച് യൂവാക്കള്‍ക്കിടയില്‍ സാമൂഹിക മാധ്യമങ്ങള്‍ പണിതുണ്ടാക്കിയ മൂല്യരഹിതമായ ഒരു തരം നിഷ്‌ക്രിയത്വം ഇന്ന് വ്യാപകമായതായി കാണാം. വെര്‍ചല്‍ നെറ്റവര്‍ക്കുകളുടെ മായാ ലോകത്തു നിന്നും നാം സ്വയം മോചിതരാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് സംവദിച്ചു ജീവിക്കുന്ന യുവ തലമുറക്കേ മൂല്യങ്ങളുടെ ലോകം സൃഷ്ടിക്കാനാവൂ. അന്യനെ സ്വന്തം സഹോദരനായി കാണാനുള്ള മനസ്സുണ്ടാവുമ്പോഴേ നാം നാമായിത്തീരുന്നുള്ളൂ. ഭാഷാസമരം നമുക്ക് ബാക്കി വെച്ചത് ആ ആത്മ സമര്‍പ്പണ ബോധത്തെയാണ്. മജീദും റഹ്്മാനും കുഞ്ഞിപ്പയും നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതും അതു തന്നെയാണ്.

കേരളത്തിലെ അവകാശ സമരമുഖങ്ങളിലും സാമൂഹ്യ സേവന രംഗത്തും എന്നു നിറ സാന്നിധ്യമായി നിലനില്‍ക്കുന്ന മുസ്ലിം യുവജന പ്രസ്ഥാനം സമര്‍പ്പണത്തിന്റെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിക്കുകയാണ്. തുടര്‍ച്ചയായി പ്രകൃതി ക്ഷോഭങ്ങളുണ്ടാകുന്ന കേരളത്തിന്റെ ദുരന്ത മുഖങ്ങളിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ സര്‍വ സജ്ജരായ 15000ത്തോളം വരുന്ന വൈറ്റ് ഗാര്‍ഡ് ദുരന്ത നിവാരണ സേനയെ യൂത്ത് ലീഗ് കേരളത്തിനു സമര്‍പ്പിക്കുന്നു.

വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ സമാപന സമ്മേളനത്തിലാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ കേരളീയ പൊതു സമൂഹത്തിന് സമര്‍പ്പിക്കുന്നത്. ആദര്‍ശവും ആത്മസമര്‍പ്പണവും സമന്വയിച്ച് പരിശീലനത്തിന്റെ വൈദഗ്ധ്യവുമായി അച്ചടക്ക ബോധമുള്ള ഒരു സംഘം ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് ചുവടു വെക്കുമ്പോള്‍ രാഷ്ട്രീയ കേരളത്തിന് അതൊരു നവ്യാനുഭവമാകുമെന്നത് തീര്‍ച്ചയാണ്.