ദേശീയതയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യവും ദുരുപയോഗം ചെയ്ത്‌ തീവ്രദേശീയത നിര്‍മ്മിക്കുകയാണെന്ന് മന്‍മോഹന്‍ സിങ്

ചരിത്രം വായിക്കാത്തവര്‍ നെഹ്‌റുവിനെ തെറ്റായി ചിത്രീകരിക്കുന്നു മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദപരവും തികച്ചും വൈകാരികവുമായ ആശയം കെട്ടിപ്പടുക്കുന്നതിനായി ദേശീയതയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യവും ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കൃതികളെയും പ്രസംഗങ്ങളേയും ആസ്പദമാക്കിയുള്ള പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഡോക്ടര്‍ സിങ് സംഘ്പരിവാര്‍ അജണ്ടക്കെതിരെ ആഞ്ഞടിച്ചത്.

ദശലക്ഷക്കണക്കിന് താമസക്കാരേയും പൗരന്മാരെയും ഒഴിവാക്കി തീവ്രവും തികച്ചും വൈകാരികവുമായ ആശയത്തോടെയുളള ഇന്ത്യയെ നിര്‍മ്മിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നത്. ഈയൊരു കാലഘട്ടത്തില്‍ ജനധിപത്യ ഇന്ത്യക്ക് അടിത്തറ പാകിയ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകത്തിന് പ്രത്യേക പ്രസക്തിയുണ്ടെന്ന്, മന്‍മോഹന്‍ സിങ് പറഞ്ഞു.

ഇന്ത്യ ഊര്‍ജസ്വലമായ ജനാധിപത്യ രാജ്യമായതിലും ലോകത്തെ വലിയ ശക്തികളിലൊന്നായി മാറിയതിലും ആദ്യ പ്രധാനമന്ത്രിയായ നെഹ്‌റുവിന് വ്യക്തമായ പങ്കുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം നെഹ്‌റുവിന്റെ നേതൃപഠവം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് കാണുന്ന വികസനത്തിലേക്കെത്താന്‍ സാധിക്കില്ലായിരുന്നുവെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

ലോകത്തെ വമ്പന്‍ ശക്തികളില്‍ ഒന്നായി ഇന്ത്യയെ പരിഗണിക്കുന്നുണ്ടെങ്കില്‍, അതിന്റെ പിന്നിലെ മുഖ്യശില്‍പി നെഹ്‌റുവാണ്. രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ നെഹറുവിനെയാണ് ഇക്കാര്യത്തില്‍ ബഹുമാനിക്കേണ്ടത്. ചാഞ്ചാട്ടം ദൃശ്യമായ അവസ്ഥയില്‍ നിന്ന് രാജ്യത്തെ ജനാധിപത്യ വഴിയിലേക്ക് കൊണ്ടുവരാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് നെഹ്‌റു. വ്യത്യസ്തമായ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ ജീവിതരീതി സ്വീകരിച്ച നഹ്‌റു, അസ്ഥിരവും രൂപവത്കൃതവുമായ കാലത്ത് ഈ രാജ്യത്തെ നയിച്ചിരുന്നുവെന്നും മന്‍മോഹന്‍ സിംഗ് ഓര്‍മ്മപ്പെടുത്തി.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഒരുവിഭാഗം ജനങ്ങള്‍ക്ക് ചരിത്രം കൃത്യമായ വായിക്കാനും മനസിലാക്കാനുമുള്ള ക്ഷമയില്ല. ചില മുന്‍വിധികളാല്‍ നയിക്കപ്പെടുന്നവര്‍ നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കുകയാണ്. ഇതിനായി ദേശീയതയേയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യത്തേയും അവര്‍ ദുരുപയോഗം ചെയ്തു കൊണ്ട് തീവ്രദേശീയതാ വാദം ഉന്നയിക്കുകയാണെന്നും ബിജെപിയെ കുറ്റപ്പെടുത്തി മന്‍മോഹന്‍ സിങ് പറഞ്ഞു.

എന്നാല്‍ ഇത്തരം തെറ്റായ വസ്തുതകളെ ഇല്ലായ്മ ചെയ്യാന്‍ ചരിത്രത്തിന് സാധിക്കും മന്‍മോഹന്‍ സിങ് തുടര്‍ന്നു.
‘ആരാണ് ഭാരത് മാതായെന്നും, ആരുടെ ജയമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ഒരിക്കല്‍ നെഹ്‌റു ചോദിച്ചതായി മന്‍മോഹന്‍ സിങ് പറഞ്ഞു. മലകളും പുഴകളും വനങ്ങളും പാടങ്ങളും എല്ലാവര്‍ക്കും വേണ്ടപ്പെട്ടതാണ്. പക്ഷേ, ഭാരത് മാതാ എന്നാല്‍ അത് വിശാലമായൊരീ ദേശത്ത് വ്യാപിച്ച് കിടക്കുന്ന ഇന്ത്യയിലെ ജനങ്ങളെന്നാണ് നെഹ്‌റു തിട്ടപ്പെടുത്തുന്നതെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.