മോദിയെ വണങ്ങാന്‍ വാട്‌സ്ആപ്പ് പ്രചാരണം; മുന്നറിയിപ്പുമായി രാമചന്ദ്രഗുഹ

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വണങ്ങാന്‍ ആഹാനവുമായി ഭക്തരുടെ വാട്‌സ്ആപ്പ് പ്രചരണം. കോവിഡ് 19 ഉറവിടമായ ചൈനയുടെ അയല്‍രാജ്യമായ ഇന്ത്യ സ്വീകരിക്കേണ്ടിയിരുന്ന പ്രതിരോധത്ത പ്രവര്‍ത്തനങ്ങള്‍ വൈകിപ്പോയതിലും ആരോഗ്യമേഖലയിലെ പ്രതിരോധ ഉപകരണങ്ങളുടെ കുറവിന്റെ പേരില്‍ മോദി ഭരണകൂടം വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കൈകൊട്ടല്‍, ഏകദീപം പോലെ മോദിക്ക് സല്യൂട്ട് ആഹ്വാനവുമായി ഭക്തര്‍ രംഗത്തെത്തിയത്.

അതേസമയം, വിവാദ പ്രചാരണത്തിനെതിരെ പ്രശസ്ത ചരിത്രകാരനും മഹാത്മാ ഗാന്ധിയുടെ ജീവചരിത്രകാരനുമായ രാമചന്ദ്ര ഗുഹ രംഗത്തെത്തി. രാജ്യത്തിന്റെ ഭരണഘടനാ ശില്‍പിയായ ഡോ. ബി. ആര്‍. അംബേദ്കറിന്റെ മുന്നറിയിപ്പ് നല്‍കിയായിരുന്നു ഗുഹയുടെ വിമര്‍ശനം. ”മതത്തിലെ ഭക്തി ആത്മാവിന്റെ രക്ഷയിലേക്കുള്ള വഴിയൊരുക്കാം. എന്നാല്‍ രാഷ്ട്രീയത്തിലെ ഭക്തിയും വീരാരാധനയും അധപതനത്തിലേക്കും ഒടുക്കം സ്വേച്ഛാധിപത്യത്തിലേക്കും എത്തിക്കാനുള്ള മാര്‍ഗമാണ്, ചരിത്രകാരന്‍ ഓര്‍മ്മിപ്പിച്ചു.

വന്ദേമാതരം കൊണ്ട് തുടങ്ങുന്ന വിവാദ വാട്ട്സ്ആപ്പ് പ്രചരണ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു രാമചന്ദ്രഗുഹയുടെ മുന്നറിയിപ്പ്. ബാല്‍ക്കണിയില്‍ അഞ്ച് മിനുട്ട് നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വണങ്ങാനാണ് പോസ്റ്റര്‍ ആഹ്വാനം ചെയ്യുന്നത്.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ടില്ലാതെ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ആര്‍ബിഐയുടെ കരുതല്‍ ധനമടക്കം നേരത്തെ എടുത്ത കേന്ദ്രസര്‍ക്കാര്‍ നിലവില്‍ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ അടക്കം കയ്യിടുന്ന അവസ്ഥയിലാണ്. കേന്ദ്ര സര്‍ക്കാറിന്റെ കൊള്ളരുതായ്മക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിമാര്‍, മറ്റു കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം എന്ന നിര്‍ദേശമാണ് സോണിയ മുന്നോട്ട് വച്ചത്. അടുത്ത ഒരു വര്‍ഷത്തേക്ക് പരസ്യപ്രചരണങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചിലവാക്കരുതെന്നും സോണിയ നിര്‍ദേശിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പരസ്യവും പ്രചാരണവും ഇളവ് നല്‍കി തുടരാം.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി സജ്ജമാക്കിയ പിഎം കെയര്‍ ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

ഇതിനിടെ, കോവിഡ് മരുന്ന് വിഷയത്തില്‍ ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ഉയര്‍ത്തിയ പരസ്യ ഭീഷണി മോദി ഭരണകൂടത്തിന്റെ വഴങ്ങലിനെതിരേയും നിരവധി നേതാക്കള്‍ രംഗത്തെത്തി.