പുര കത്തുമ്പോള്‍ ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍

പ്രൊഫ. പി.കെ.കെ തങ്ങള്‍

യൂറോപ്യന്‍ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം എന്ന് പേരിട്ടു വിളിച്ച, പ്രവാചകന്റെ ആഗമനത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു യുദ്ധം, മദ്യം, മദിരാക്ഷി എന്നിവ. സാഹിത്യവും അവരുടെ ലഹരിയായിരുന്നു. കഅബാലയത്തിന്റെ ചുമരുകളില്‍ കെട്ടിത്തൂക്കിയിരുന്ന ഏഴ് പ്രശസ്ത മഹാകവികളുടെ കവിതാസമാഹാരങ്ങള്‍ ആ അധര്‍മ്മ കാലഘട്ടത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. ‘ഒരു യുവാവിന്റെ ജീവിതത്തില്‍ മൂന്ന് കാര്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എപ്പോള്‍ വേണമെങ്കിലും മരിക്കാമായിരുന്നു’ -അവ യുദ്ധം, മദ്യം, മദിരാക്ഷി ഇതായിരുന്നു ആ ഇരുണ്ട യുഗത്തിലെ യുവജനതയുടെ ജീവിത ദര്‍ശനം. ലോക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വിശകലനം നടത്തുന്ന ഏതൊരാള്‍ക്കും ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ തരമില്ല. ലോകമൊന്നാകെ പരിശോധിച്ചാല്‍ ആ കാലഘട്ടത്തിന്റെ പരിച്ഛേദമല്ലേ ആധുനിക ലോകവും എന്ന് ചിന്തിച്ചുപോകുന്നതില്‍ തെറ്റില്ല.

കാരണം തെരഞ്ഞുപിടിച്ച് യുദ്ധമുണ്ടാക്കാന്‍ ആധുനിക ലോകം ഒട്ടും പിന്നിലല്ല. സമാധാനാന്തരീക്ഷം തകര്‍ത്ത് അതില്‍നിന്ന് രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങളുണ്ടാക്കാനുള്ള ത്വര കൂടിക്കൂടിവരുന്നു. യുദ്ധമുണ്ടാക്കുന്നിടത്തും അവസാനിപ്പിക്കുന്നിടത്തും മറ്റു രണ്ടു പ്രധാന ഘടകങ്ങളായ മദ്യവും മദിരാക്ഷിയുമാണ് പ്രധാന താരങ്ങള്‍.

സമൂഹത്തെ ഏറ്റവും കുത്തഴിഞ്ഞ അവസ്ഥയിലേക്ക് തള്ളിവിടുന്ന ഒന്നാമത്തെ ഘടകം മദ്യം തന്നെയാണ്. എല്ലാ തെറ്റുകളുടെയും കുറ്റവാസനയുടെയും സ്രോതസ്സായി തത്വജ്ഞാനികള്‍ വിലയിരുത്തിയതും ലഹരി തന്നെയാണ്. മനുഷ്യന്റെ എല്ലാ നല്ല കാഴ്ചപ്പാടുകളെയും തദടിസ്ഥാനത്തിലുള്ള കര്‍മ്മങ്ങളുടെയും സ്രോതസ്സ് തലച്ചോറാണല്ലോ. ആദ്യം അവിടെത്തന്നെ അലങ്കോലമാക്കി ബാക്കിയെല്ലാം താറുമാറാക്കുകയെന്ന നിര്‍ണ്ണായക ദുഷ്‌ക്രിയയാണ് മദ്യ ലഹരി വരുത്തിവെക്കുന്നത്. തല നേരെ നില്‍ക്കാതെവന്നാല്‍പിന്നെ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭ്രാന്തമായിരിക്കുമെന്നതില്‍ സംശയമുണ്ടോ? പിന്നെ ധര്‍മ്മവും അധര്‍മ്മവും സത്യവും അസത്യവും നീതിയും അനീതിയുമൊക്കെ തിരിച്ചറിയാന്‍ എങ്ങനെ കഴിയും? അത്തരമൊരു സമൂഹത്തെയാണോ നമുക്കിന്നാവശ്യം.

ആദര്‍ശങ്ങളുടെയും കാഴ്ചപ്പാടുകളുടെയും വിഷയത്തില്‍ ഏറ്റവും കലുഷിതമായ ഒരവസ്ഥയാണ് ലോകത്ത് ഇന്ന് നിലനില്‍ക്കുന്നത്. ധര്‍മ്മവും മൂല്യവുമൊന്നും ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും വേണ്ടത് പണം, അധികാരം. ഇവയില്‍ ആരു കേമന്‍? എന്ന കാഴ്ചപ്പാടാണിന്ന് ലോകത്തെവിടെയും. ലോകത്തെ പൊതുവെയെടുത്ത് വിശകലനം നടത്തിയാലും നമ്മുടെ രാജ്യത്തെയോ സംസ്ഥാനത്തെയോ പരിശോധിച്ചാലും കാണാന്‍ കഴിയുക ഈ ഒരു അവസ്ഥ തന്നെയാണ്. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞു- ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’. ഈ തത്വശാസ്ത്രത്തിന് പിന്നാലെയാണ് ഇന്ന് കൊച്ചു സംസ്ഥാനവും. ലോകം കൊറോണയില്‍ കത്തിയെരിയുന്നു, നാം ‘വാഴവെട്ടുന്നു’. നിജപ്പെടുത്തിപ്പറയാന്‍ ഇപ്പോഴും കഴിയാത്ത കാരണങ്ങളില്‍നിന്നുല്‍ഭൂതമായ മാരകരോഗത്തിന്റെ താണ്ഡവത്തെ ചെറുക്കാന്‍ ലോകമൊന്നാകെ പാടുപെടുമ്പോള്‍ അതിലേക്കുള്ള സഹകരണമായി ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാവേണ്ട പങ്കാളിത്തം എന്ന നിലയില്‍ രോഗം പകരാതിരിക്കാന്‍ ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കുക എന്ന ഏറ്റവും അടിസ്ഥാനപരമായ കാര്യം കേരളത്തിന് ബാധകമല്ലപോലും.

പള്ളികള്‍, ദേവാലയങ്ങള്‍, കനീസകള്‍ എല്ലാം ‘ജനങ്ങള്‍’ ആണ്. ഒന്നാമത്തെ വിഷയം എന്ന നിലയില്‍ അവര്‍ കൂട്ടംകൂടിയാലുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്ത് അടച്ചുപൂട്ടുകയാണ് -അതാണ് മനുഷ്യസ്‌നേഹത്തിന്റെ മുഖം. എന്നാല്‍ കേരളത്തില്‍ അങ്ങിനെയല്ലപോലും- ആരാധനാലയങ്ങളിലൊന്നും ആളുകള്‍ ഒത്തുകൂടരുത്, പ്രാര്‍ത്ഥിക്കരുത് – കൊറോണ വൈറസ് പകരും. പക്ഷേ, കള്ളും വൈനും ബിയറും മുതല്‍ എന്തെല്ലാം മുന്തിയതും ഫൈവ് സ്റ്റാര്‍ സ്റ്റൈലുകളിലുള്ള മദ്യപാന കേന്ദ്രങ്ങളുണ്ടോ അവിടെയൊന്നും വൈറസ് ബാധ ബാധകമല്ലേ. ‘ഇഷ്ടംപോലെ പോയി കുടിച്ചോളൂ’ എന്നാണ് നമ്മുടെ സര്‍ക്കാര്‍ ജനത്തിന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്നത്, ആവര്‍ത്തിച്ച് പറയുന്നത്. സ്വയംരക്ഷ തെരഞ്ഞെടുക്കുന്നവര്‍ ലോക തീരുമാനത്തോടൊപ്പം നിന്ന് മനുഷ്യ നന്മക്കായി സഹകരിക്കുകയാണ് വേണ്ടത്.

‘പുര കത്തുമ്പോള്‍ കഴുക്കോല്‍ ഊരി’ ലാഭമുണ്ടാക്കുന്നവര്‍ എന്തു സുരക്ഷയാണ് ജനത്തിന് ഉറപ്പുനല്‍കുന്നത്? ഏറ്റവും എളുപ്പം പണമുണ്ടാക്കുകയെന്നതാണല്ലോ ചൂതാട്ടം എന്നതിന്റെ സാരം. പണമുണ്ടാക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗം ലോല മനസ്‌കരെ ആകര്‍ഷിച്ച് മദ്യപാനം പ്രോത്സാഹിപ്പിച്ച് അവരെ നശിപ്പിച്ച് ലാഭമുണ്ടാക്കുകയെന്നത് രണ്ടാമത്തെ തന്ത്രം. മദ്യപാനം, ചൂതാട്ടം ഇവ രണ്ടും ഏകോദര സഹോദരങ്ങളാണ്. ലോകത്ത് നിലനില്‍ക്കുന്ന അത്യാപല്‍ക്കരമായ ഒരു സാഹചര്യത്തില്‍. അതേ വിഷയത്തില്‍ തന്നെ മുതലെടുപ്പ് നടത്തി ലോകമാന്ദ്യം നടിക്കുന്നവര്‍ ഭരണാധിപന്മാരാണെന്നറിയുക. നിയമലംഘനത്തിന് രാജ്യത്തെ പൗരന്മാര്‍ക്ക് മനസ്സ് വരില്ല, എന്നാല്‍ നിസ്സങ്കോചം അതിന് മുന്നിട്ടിറങ്ങുന്നത് ഭരണകര്‍ത്താക്കള്‍ തന്നെയാണെന്നത് അങ്ങയേറ്റം ലജ്ജാകരമാണ്- വൈന്‍, വിമണ്‍ റെഡി, ഇനി വാര്‍ എപ്പോഴെന്ന് കരുതലോടെ കാത്തിരുന്നാല്‍ മതി.

SHARE