ഒരുപാട് കൊതിച്ചിരുന്നു: ഇന്ദ്രന്‍സ്

തിരുവനന്തപുരം: അര്‍ഹതക്കുള്ള അംഗീകാരമാണ് ഇന്ദ്രന്‍സിനെ തേടിയത്തിയത്. 20 വര്‍ഷത്തിലേറെ നീളുന്ന അഭിനയ ജീവിതത്തിനിടയില്‍ ആദ്യത്തെ പുരസ്‌കാരം. അതുകൊണ്ടുതന്നെയാണ് അവാര്‍ഡ് വിവരം അറിഞ്ഞയുടന്‍ ‘അവാര്‍ഡിനായി താന്‍ ഒരുപാട് കൊതിച്ചിരുന്നുവെന്ന്’ ഇന്ദ്രന്‍സ് പ്രതകരിച്ചത്.
വി.സി.അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നഷ്ടപ്പെട്ട മകനെ തേടി ഇറങ്ങുന്ന പിതാവിന്റെ നിസ്സഹായതയും അന്വേഷണത്തിന്റെ ഒടുവില്‍ മകന്‍, മകളായി മുന്നിലെത്തുമ്പോഴുള്ള അന്ത:സംഘര്‍ഷങ്ങളും ലളിതമായി പ്രതിഫലിപ്പിക്കാന്‍ ഇന്ദ്രന്‍സിനായി. ചിത്രത്തിലെ ഓട്ടന്‍തുള്ളല്‍ കലാകാരനെ തികഞ്ഞ കൈവഴക്കത്തോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ആളൊരുക്കത്തിനായി ഏറെ തയാറെടുപ്പു നടത്തിയിരുന്നതായി ഇന്ദ്രന്‍സ് പറഞ്ഞു. സിനിമ തന്നെയാണ് ഇഷ്ടവും ഉപജീവനവും. അതുകൊണ്ടുതന്നെ വരുന്ന പടങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധിക്കുന്നത്. ഭാഗ്യം കൊണ്ടാണ് നല്ല വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത്. നമുക്കിണങ്ങുന്ന വേഷം എന്നു തോന്നുന്നതിനോട് കൂടുതല്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
300ല്‍ അധികം ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ച ഇന്ദ്രന്‍സ്, വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയത്. കഴിഞ്ഞ കുറേയെറെ വര്‍ഷങ്ങളായി സംസ്ഥാന പുരസ്‌കാരത്തിലെ മികച്ച നടനുള്ള പട്ടികയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരായിരുന്നു ഇന്ദ്രന്‍സിന്റേത്. 2014ല്‍ പുറത്തിറങ്ങിയ അപ്പോത്തിക്കിരി എന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇതിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.