ബെര്‍ലിന്റെ ഭീകരാക്രമണ പ്രതി ഇറ്റലിയില്‍ വെടിയേറ്റു മരിച്ചു

ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയില്‍ ട്രക്ക് ഇടിച്ചുകയറ്റി 12 പേരെ കൊലപ്പെടുത്തിയ തുനീഷ്യന്‍ ഭീകരന്‍ അനീസ് അംരി ഇറ്റലിയിലെ മിലാനില്‍ കൊല്ലപ്പെട്ടു. ജര്‍മനിയിലെ ക്രൂരകൃത്യത്തിനു ശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ ഇറ്റാലിയന്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. അംരിയുടെ വെടിവെപ്പില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച്.

തുനീഷ്യയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം ഇറ്റലിയിലേക്ക് കടന്ന അനീസ് അംരി രാഷ്ട്രീയ അഭയം നിഷേധിക്കപ്പെട്ടതോടെയാണ് മാസങ്ങള്‍ക്കു മുമ്പ് ജര്‍മനിയിലെത്തിയത്. ജര്‍മനിയിലും പിടിച്ചുപറി, ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പതിവാക്കിയ ഇയാള്‍ക്ക് എയ്ഞ്ചല മെര്‍ക്കല്‍ ഭരണകൂടം അഭയം നിഷേധിച്ചിരുന്നു. പലതവണ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തുനിഷ്യ പാസ്‌പോര്‍ട്ട് നല്‍കാത്തതിനാല്‍ മടക്കി അയക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് അംരി ഇരുമ്പ് കയറ്റിയ ട്രക്ക് തട്ടിയെടുക്കുകയും ആക്രമണം നടത്തുകയും ചെയ്തത്.

ബെര്‍ലിനില്‍ ഭീകര കുറ്റകൃത്യം നടത്തിയ ശേഷം അംരി ഫ്രാന്‍സിലേക്കും അവിടെ നിന്ന് ഇറ്റലിയിലേക്കും കടന്നുവെന്നാണ് സൂചന. മിലാനു സമീപം ഇയാളെ പൊലീസ് പിടികൂടിയെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ ഭീകരവാദി തന്നെയെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ശരീര പരിശോധനക്ക് ഇയാള്‍ വഴങ്ങാതിരുന്നത് സംശയത്തിനിടയാക്കി. പാന്റിന്റെ പിന്‍പോക്കറ്റ് പരിശോധിക്കാനുള്ള ശ്രമത്തില്‍ അംരി തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. മൊവിയോ എന്ന പൊലീസുകാരന് വെടിയേറ്റെങ്കിലും ലൂക്ക സ്‌കാത എന്ന പൊലീസുകാരന്‍ അംരിയെ വെടിവെച്ചു വീഴ്ത്തി.

SHARE