സ്വകാര്യ വിവരങ്ങള്‍ വിറ്റു കാശാക്കുന്നത് നീച പ്രവൃത്തി: ബെന്നി ബെഹനാന്‍, മുഖ്യമന്ത്രിയുടെ നടപടികള്‍ ദുരൂഹമെന്നും യു ഡി എഫ് കണ്‍വീനര്‍

കൊച്ചി: കേരളത്തിലെ ജനങ്ങള്‍ കോവിഡ് എന്ന മഹാമാരിയുമായി മല്ലടിക്കുമ്പോള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ വിറ്റു കാശാക്കുന്ന നീചമായ പ്രവൃത്തിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി കുറ്റപ്പെടുത്തി.

കൊറോണ വിവരശേഖരണത്തിന്റെ മറവില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്ന ലക്ഷകണക്കിന് ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് ആന്‍ഡ് റിസര്‍ച്ച് കമ്പനിയായ സ്പ്രിങ്ക്‌ലര്‍ എന്ന സ്വകാര്യ കമ്പനിക്കാണ് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് ദുരൂഹമാണ്. ബിഗ് ഡാറ്റ വാഴുന്ന ഈ കാലഘട്ടത്തില്‍ ഈ കമ്പനി മറ്റു ഗവേഷണ കമ്പനികള്‍ക്ക് ഈ വിവരങ്ങള്‍ കോടികള്‍ വാങ്ങി കൈമാറും എന്ന കാര്യത്തില്‍ സംശയമില്ല. ഇത് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൈയില്‍ എത്തിയാല്‍ കേരളത്തില്‍ ഹോം ഐസൊലേഷലില്‍ കഴിയുന്ന ലക്ഷകണക്കിന് പാവങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ പോലും നിഷേധിക്കപ്പെടുന്ന അതീവ ഗുരുതരമായ സാഹചര്യം ഉണ്ടാകും.

ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ ഒരു വ്യക്തിയുടെ സ്വകാര്യതയും ഉള്‍പ്പെടും എന്നാണ് ജസ്റ്റിസ് പുട്ടസ്വാമി കേസില്‍ ബഹുമാനപെട്ട സുപ്രീം കോടതി തന്നെ പറഞ്ഞിരിക്കുന്നത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വ്യക്തികളുടെ രോഗ വിവരങ്ങള്‍ അടങ്ങുന്ന അതീവ രഹസ്യമായ വിവരങ്ങള്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് നല്‍കുന്നത് ഇന്ത്യന്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഫേസ്ബുക് കേംബ്രിഡ്ജ് അനാലിറ്റിക്ക വിവാദം നിലനിക്കുമ്പോഴാണ് ഇത്തരമൊരു കച്ചവടം നടക്കുന്നത് എന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുന്‍പ് മന്ത്രിസഭാ യോഗം കൂടി തീരുമാനം എടുത്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്ത്കൊണ്ടാണ് സംസ്ഥാനത്തെ ജനങ്ങളെയാകെ ബാധിക്കുന്ന ഇത്തരമൊരു തീരുമാനത്തില്‍ പ്രതിപക്ഷവുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്നും ബെന്നി ബെഹനാന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഇത്രവും വലിയ നീക്കങ്ങള്‍ നടക്കുന്നത് പുറത്തു പറയാത്ത മുഖ്യമന്ത്രിയുടെ നടപടി ദുരൂഹമാണെന്നും യു ഡി എഫ് കണ്‍വീനര്‍ ആരോപിച്ചു. ജനങ്ങളുടെ നിസ്സഹായാവസ്ഥയെ വിറ്റു കാശാക്കുന്ന ഈ നടപടി നിര്‍ത്തിവച്ചു സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.