ഗതിമാറിയൊഴുകാന്‍ ചാലക്കുടി

അഷ്‌റഫ് തൈവളപ്പ്
മണ്ഡലത്തിന്റെ പേരും വേരും തൃശൂരിലാണെങ്കിലും വോട്ടര്‍മാരില്‍ ഭൂരിഭാഗവും എറണാകുളം ജില്ലയില്‍ നിന്ന് ഉള്‍പ്പെടുന്ന ലോക്‌സഭ മണ്ഡലമാണ് ചാലക്കുടി. എറണാകുളം ജില്ല ഉള്‍ക്കൊള്ളുന്ന നാലു ലോക്‌സഭ മണ്ഡലങ്ങളിലൊന്ന്. എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, കയ്പമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന പാര്‍ലമെന്റ് മണ്ഡലം.

സിനിമാ താരമെന്ന ഒറ്റ ലേബലിലായിരുന്നു 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 13,888 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ചാലക്കുടിയില്‍ ഇന്നസെന്റിന്റെ വിജയം. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ യുഡിഎഫ് സംസ്ഥാന കണ്‍വീനറായ ബെന്നി ബെഹന്നാനെയാണ് ഇത്തവണ മുന്നണി നിയോഗിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പേ മണ്ഡലത്തില്‍ സജീവമായിരുന്നു ബെന്നി ബെഹന്നാന്‍. മണ്ഡലത്തിന്റെ പള്‍സറിയുന്ന ഒരാളെന്ന നിലയില്‍ പ്രചാരണത്തിലും ഏറെ മുന്നേറി. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ സൗഹൃദ സന്ദര്‍ശനങ്ങളും കണ്‍വെന്‍ഷനുകളും അതിവേഗം പൂര്‍ത്തിയാക്കിയ യു.ഡി.എഫ് ഇപ്പോള്‍ രണ്ടാംഘട്ട പ്രചാരണത്തിലാണ്. അഞ്ചു വര്‍ഷത്തെ മണ്ഡലത്തിലെ വികസന മുരടിപ്പാണ് യു.ഡി.എഫിന്റെ പ്രധാന പ്രചാരണ ആയുധം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളും യു.ഡി.എഫ് പ്രചാരണത്തിന് വിഷയമാക്കുന്നുണ്ട്. മണ്ഡലത്തില്‍ നിന്നുള്ളയാള്‍ എന്നതിന് പുറമെ ബെന്നി ബെഹന്നാന്റെ വ്യക്തി ബന്ധങ്ങളും രാഷ്ട്രീയത്തിനതീതമായ സൗഹൃദ ബന്ധങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. 1951 മുതല്‍ നടന്ന 16 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ 12 തവണയും യു.ഡി.എഫിനൊപ്പം നിലയുറപ്പിച്ച മണ്ഡലത്തില്‍ നാലുതവണ മാത്രമാണ് ഇടതുപക്ഷത്തിന് പച്ച പിടിക്കാനായത്.

2016ലെ നിയമസഭ തെഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ സീറ്റില്‍ നാലെണ്ണത്തിലും ജയിച്ചത് യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടൂന്നു. ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് നിയമസഭ സീറ്റുകളിലായിരുന്നു യുഡിഎഫിന്റെ വിജയം. കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി സീറ്റുകളില്‍ ഇടത് സ്ഥാനാര്‍ഥികളും വിജയിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി, അങ്കമാലി, ആലുവ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു യുഡിഎഫിന് ലീഡുണ്ടായിരുന്നത്.

കഴിഞ്ഞ തവണ അട്ടിമറി ജയം നേടിയെങ്കിലും ചാലക്കുടിയുടെ രാഷ്ട്രീയ പാരമ്പര്യത്തിനൊത്ത് ഉയരാന്‍ ഇന്നസെന്റിനായില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് സി.പി.എം ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കരുതെന്ന ആവശ്യവുമായി സി.പി.എമ്മിന്റെ കീഴ് ഘടകങ്ങള്‍ തന്നെ രംഗത്തെത്തിയിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനിക്കുകയായിരുന്നു. എതിര്‍പ്പുകള്‍ മറികടക്കാന്‍ പാര്‍ട്ടി ചിഹ്നം നല്‍കിയെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും മഞ്ഞുരുകിയിട്ടില്ല. പരാജയം മണത്തതിനാല്‍ ഇവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് പ്രചാരണ പരിപാടികള്‍ നിരീക്ഷിക്കുന്നത്.

ജയിച്ചതില്‍ പിന്നെ മണ്ഡലത്തിലെവിടെയും ഇന്നസെന്റിനെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വോട്ടര്‍മാരുടെ പരിഭവം. വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും നിറവേറ്റാനായില്ല. അഞ്ചു വര്‍ഷത്തിനിടെ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും മണ്ഡലത്തില്‍ നടന്നിട്ടില്ലെന്ന് യുഡിഎഫും ആരോപിക്കുന്നു. പാര്‍ലമെന്റില്‍ ഒരു പണിയുമില്ലെന്ന തരത്തില്‍ ഇന്നസെന്റ് ഒരു പരിപാടിയില്‍ പങ്കുവച്ച കമന്റ് വോട്ടര്‍മാര്‍ക്കിടയില്‍ മാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ എന്‍.എസ്.എസ് ആസ്ഥാനത്തേക്ക് വോട്ട് തേടി പോവില്ലെന്ന ഇന്നസെന്റിന്റെ പരസ്യ പ്രസ്താവന തിരിച്ചടിയാകുമെന്ന ഭയവും പാര്‍ട്ടിക്കുണ്ട്.

പ്രളയ പുനരധിവാസമടക്കമുള്ള വിഷയങ്ങളിലും സിറ്റിങ് എം.പിയോട് വോട്ടര്‍മാര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. പ്രളയ സമയത്ത് ഇന്നസെന്റ് മണ്ഡലത്തില്‍ സജീവമായിട്ടുണ്ടായില്ലെന്ന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെയുണ്ട്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് തീര്‍ത്തും അപഹാസ്യകരമായ പല പ്രസ്താവനകളും ഇന്നസെന്റ് നടത്തിയിരുന്നു. അമ്മയുടെ പ്രസിഡന്റ് ആയിരുന്നിട്ടും ആരോപണ വിധേയനായ നടനെ പിന്തുണച്ചായിരുന്നു ഇന്നസെന്റിന്റെ രംഗപ്രവേശം. ഇത് മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരിലും കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ചാലക്കുടിയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി. മുരളീധരന്‍ പക്ഷത്തിന്റെ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കകത്ത് തന്നെ രാധാകൃഷ്ണ് തിരിച്ചടിയാണ്. മാത്രമല്ല, ബി.ജെ.പി ജില്ലാ കമ്മിറ്റിക്കും രാധാകൃഷ്ണനോട് വലിയ താല്‍പര്യമില്ല. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20യുടെ ബാനറില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. എസ്.ഡി.പി.ഐ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) തുടങ്ങിയ പാര്‍ട്ടി സ്ഥാനാര്‍ഥികളും മണ്ഡലത്തില്‍ ജനവിധി തേടുന്നുണ്ട്.