ബംഗളൂരു സംഘര്‍ഷം; എസ്.ഡി.പി.ഐ നേതാവ് നേതാവ് അറസ്റ്റില്‍-അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരേയും അക്രമികള്‍ക്കെതിരേയും നടപടിവേണമെന്ന് കോണ്‍ഗ്രസ്‌

ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. 60 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് ഇന്നലെ അര്‍ദ്ധ രാത്രിയൊടെ ആക്രമത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ബംഗളൂരുവിലെ ഡിജെ ഹാലി പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തെയും നശീകരണത്തെയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധുവായ നവീനെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവില്‍ ഡിജെ ഹാലി പോലീസ് സ്റ്റേഷന്‍ അക്രമവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവായ മുസാമില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) കണ്‍വീനര്‍ മുജാഹിദ് പാഷ ഇക്കാര്യം അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനെ പോലീസ് അക്രമം നടത്തിയതായ ആരോപണവുമായി സംഘര്‍ഷത്തില്‍  കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. ആക്രമികള്‍ സ്റ്റേഷന്‍ ആക്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നു. മകന്‍ നിരപരാധിയാണെന്ന് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട യാസിന്‍ പാഷയുടെ പിതാവ് അഫ്‌സല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘ പ്രദേശത്ത് ഒരു ഇറച്ചി കട നടത്തിയിരുന്ന ആളാണ് എന്റെ മകന്‍. അത്താഴം കഴിക്കാനായി വീട്ടിലേക്ക് പുറപ്പെട്ടപ്പോഴാണ് പോലീസ് വെടിവെപ്പുണ്ടായത്. മകന്‍ നിരപരാധിയായിരുന്നെന്നും അവന്‍ അക്രമത്തില്‍ പങ്കാളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബെംഗളൂരുവില്‍ നടന്ന അക്രമത്തെ ഞാന്‍ അപലപിക്കുന്നതായും ആരും നിയമം കൈയിലെടുക്കരുതെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പ്രതികരിച്ചു. വിദ്വേഷം പരത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെയും കലാപത്തിലും തീപിടുത്തത്തിലും ഏര്‍പ്പെട്ടവര്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കണമെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു.

ഇന്നലെ രാത്രി കാവലഭൈരസന്ദ്രയില്‍ നടന്ന കലാപവും അതിനെ പ്രകോപിപ്പിച്ച സംഭവങ്ങളും അപലപനീയമാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു. സംയമനത്തോടെ പ്രവര്‍ത്തിക്കാനും സമാധാനം നിലനിര്‍ത്താനും ഞാന്‍ ഹിന്ദു-മുസ്ലീം സമുദായങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കലാപത്തിന് പ്രേരിപ്പിക്കുകയും അക്രമത്തോടെ പ്രതികരിക്കുകയും ചെയ്ത ദുഷ്ടന്മാരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യണമെന്ന് ബാംഗ്ലൂര്‍ പോലീസ് കമ്മീഷണറോട് ആവിശ്യപ്പെടുന്നതായും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

നിരപരാധികളാണ് ഇത്തരം വര്‍ഗീയ കലാപങ്ങളുടെ ഇരകളെന്ന അനുഭവപാഠം നമ്മെ പഠിപ്പിച്ചതാണ്. ഇരു മതങ്ങളിലെയും നേതാക്കള്‍ ഒത്തുചേര്‍ന്ന് സമാധാനം സ്ഥാപിക്കാന്‍ പരസ്പരം ചര്‍ച്ച നടത്തണമെന്നും പോലീസ് സ്റ്റേഷന് നേരെയുള്ള ആക്രമണം അപലപനീയമാണെന്നും പോലീസിന്നും മനോവീര്യം നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളില്‍ പോലീസ് ഉടനടി പ്രവര്‍ത്തിക്കുകയും കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. ചെറിയ അവഗണന വിലയ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്നും മാധ്യമങ്ങളെ സംഘര്‍ഷ മേഖലയില്‍ തടയരുതെന്നും വിവരങ്ങള്‍ കൃത്യമായി തന്നെ പുറത്തുവരണമെന്നും സിദ്ധരാമയ്യ പറഞ്ഞു. സമാധാനം സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിലും ഞങ്ങളുടെ പാര്‍ട്ടി പൂര്‍ണമായും സഹകരിക്കുന്നതായും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും പൊതുജനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല. ഇത്തരം പ്രകോപനങ്ങളും കിംവദന്തികളും സര്‍ക്കാര്‍ അംഗീകരിക്കില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Read more: ബംഗളൂരില്‍ സംഘര്‍ഷം; 3 മരണം- ക്ഷേത്രത്തിന് കാവല്‍ നിന്ന് മുസ്‌ലിം യുവാക്കള്‍