സഹലിന് വേണ്ടി എത്ര പണവും മുടക്കാന്‍ തയ്യാര്‍: ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍

ബംഗളൂരു: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുല്‍ സമദിനെ പ്രശംസ കൊണ്ടു മൂടി ബംഗളൂരു എഫ്.സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. തന്റെ ഇഷ്ട ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് സഹല്‍ എന്നും അദ്ദേഹത്തിനായി എത്ര പണവും മുടക്കാന്‍ തയ്യാറാണെന്നും ജിന്‍ഡാല്‍ പറഞ്ഞു. ഖുറി ഇറാനിയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ഞാന്‍ പണം മുടക്കാന്‍ തയ്യാറുള്ള താരമാണ് സഹല്‍. അദ്ദേഹം എന്റെ ഇഷ്ടതാരമാണ്. ബംഗളൂരു എഫ്.സിയിലേക്ക് താരത്തെ കൊണ്ടു വരാന്‍ എന്തും ചെയ്യാം. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ വില്‍ക്കുന്നില്ല. അദ്ദേഹത്തിന് അവിശ്വനീയമായ കഴിവുണ്ട്. സഹല്‍, ഛേത്രി, ആഷിക്, ഉദാന്ത എന്നിവര്‍ ക്ലബിനായി ഒരുമിച്ചു കളിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ’- ജിന്‍ഡാല്‍ പറഞ്ഞു.

പതിനൊന്ന് ഇന്ത്യയ്ക്കാരെ വച്ച് ഐ.എസ്.എല്‍ വിജയിക്കുകയാണ് തന്റെ സ്വപനമെന്നും അവര്‍ എല്ലാവരും ദേശീയ താരങ്ങളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഓസില്‍ എന്നു വിളിപ്പേരുള്ള സഹലിന് ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമുള്ള കഴിഞ്ഞ സീസണില്‍ വേണ്ടത്ര ശോഭിക്കാന്‍ താരത്തിനായിരുന്നില്ല. എ.ടി.കെയിലേക്ക് പോകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരുമെന്ന് സഹല്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കോച്ച് കിബു വിക്കുനയും താരത്തിന്റെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.