ബുള്‍ബുള്‍ ചുഴലിക്കാറ്റ്: ഒന്നര ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു; വിമാനത്താവളം അടച്ചു

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ശനിയാഴ്ച വൈകിട്ട് ആറുമുതല്‍ ഞായറാഴ്ച രാവിലെ ആറുവരെയുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്.
മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കടുത്ത ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും കനത്ത നാശം വിതക്കുമെന്നാണ് വിലയിരുത്തുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ തെക്ക് സാഗര്‍ ദ്വീപില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി.

ചുഴലിക്കാറ്റ് ശനിയാഴ്ച രാത്രി എട്ടിനും പത്തിനും ഇടക്ക് ബംഗാള്‍ തീരം തൊടുമ്പോള്‍ കനത്ത മഴക്കൊപ്പം 135 കിലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡീഷ തീരത്ത് നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റുള്ളത്. പശ്ചിമബംഗാളില്‍ മത്സ്യബന്ധനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 1.5 ലക്ഷത്തോളം പേരെ ബള്‍ബുള്‍ ചുഴലിക്കാറ്റിന്റെ പാതയില്‍ നിന്ന് ഒഴിപ്പിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും 16 ടീമുകളെ നിയോഗിച്ചിട്ടുണ്ട്. തീരസംരക്ഷണ സേന, ഇന്ത്യന്‍ നാവികസേന, കരസേന, വ്യോമസേന എന്നിവരും പ്രത്യേക സാഹചര്യം നേരിടാനായി തയ്യാറായി നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.