ലോക്ക്ഡൗണില്‍ ചാടിപ്പോയ കുടവയര്‍ കുറച്ചാലോ?: ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

കോവിഡിന്റെ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണും വര്‍ക്ക് ഫ്രം ഹോമും ഒക്കെ വന്നതോടെ വീണ്ടും വ്യായമത്തെക്കുറിച്ചാണ് പലരും ചിന്തിക്കുന്നത്. കാരണം ചാടിത്തുടങ്ങിയ കുടവയര്‍ തന്നെ. കൊറോണ കാലത്തെ ലോക്ക്ഡൗണ്‍ രണ്ട് മാസത്തിലധികം നീണ്ട് ആരോഗ്യവും ഭക്ഷണവും ഉറക്കവുമെല്ലാം താളം തെറ്റിയവരുടെ ക്യൂ നീണ്ടു നീണ്ടു വരുന്നു.

ജിമ്മിലും പാര്‍ക്കിലുമെല്ലാം ചെന്ന് റെഗുലറായി വ്യായാമം ചെയ്തിരുന്ന പലര്‍ക്കും അത് പൂര്‍ണ്ണമായി മുടങ്ങിയിരിക്കുന്നു. കൃത്യമായി ഡയറ്റ് ചെയ്തിരുന്നവര്‍ക്ക് ഇപ്പോള്‍ അവരുടെ ചോയ്‌സിനനുസരിച്ചുള്ള ഭക്ഷണം പലതും കിട്ടാനില്ല. ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുന്‍പ് തന്നെ മഴക്കാലവുമെത്തി. നിലവിലെ സാഹചര്യങ്ങളില്‍ കുടവയര്‍ എങ്ങനെ കുറയ്ക്കാമെന്ന് നോക്കാം.

കുടവയര്‍ കുറയ്ക്കല്‍ വളരെ എളുപ്പമുള്ള കാര്യമല്ലെന്ന് ആദ്യം മനസ്സിലാക്കുക. ചോറു മാറ്റി ചപ്പാത്തി ആക്കിയതുകൊണ്ടോ, ഒരു നേരം ഓട്‌സ് കഞ്ഞിയും സാലഡും കഴിച്ചതുകൊണ്ടോ, ഇടക്ക് പട്ടിണി കിടന്നാലോ, രാവിലെ എണീറ്റ് നടക്കാന്‍ പോയാലോ, ക്രാഷ് ഡയറ്റ് ചെയ്താലോ ഒന്നും അപ്രത്യക്ഷമാകുന്ന ഒന്നല്ല ബോഡി ഫാറ്റ്. അതിന് ഒരല്പം സമയവും ക്ഷമയും ഒപ്പം കൃത്യമായ വര്‍ക്കൗട്ടുകളും ഡയറ്റും ശ്രദ്ധിക്കണം. ഭൂരിപക്ഷം പേര്‍ക്കും ചെയ്യുന്ന വര്‍ക്കൗട്ടിന്റെയും ഡയറ്റിന്റെയുമൊക്കെ റിസല്‍റ്റ് പുറമേക്ക് കണ്ട് തുടങ്ങാന്‍ ഒന്ന് രണ്ട് മാസങ്ങളെടുക്കും.

എന്തൊക്കെ വര്‍ക്കൗട്ടുകളാണ് നമ്മള്‍ ചെയ്യേണ്ടത്

ഹൃദയത്തിനു ശ്വാസകോശത്തിനെയും ഫിറ്റ് ആക്കുന്നതും മസിലുകളെ ശക്തിപ്പെടുത്തുന്ന റെസിസ്റ്റന്‍സ് വര്‍ക്കൗട്ടുകളുമാണ് ചെയ്യേണ്ടത്. നടത്തം, ജോഗ്ഗിംഗ്, മീഡിയം സ്പീഡിലുള്ള ഓട്ടം, എലിപ്റ്റിക്കല്‍ മെഷീന്‍, സൈക്കിളിംഗ്, നീന്തല്‍, സ്‌കിപ്പിംഗ്, സ്‌റ്റെപ്പ് കയറല്‍, ഒക്കെ കാര്‍ഡിയോ വര്‍ക്കൗട്ടുകളാണ്. ഡംബെല്ലോ മെഷീനോ റെസിസ്റ്റന്‍സ് ബാന്‍ഡോ പോലെ എന്തെങ്കിലും ഉപയോഗിച്ച് ശരീരത്തിലെ വിവിധ മസിലുകള്‍ക്ക് നല്‍കുന്ന വ്യായാമമാണ് റെസിസ്റ്റന്‍സ് വര്‍ക്കൗട്ടുകള്‍. തുടക്കക്കാര്‍ക്ക് ഫാറ്റ് കുറയ്ക്കാന്‍ അര മണിക്കൂര്‍ വീതമുള്ള കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ച് വരെ തവണ ചെയ്യാം. ഒപ്പം എല്ലാ മസിലുകള്‍ക്കുമുള്ള റെസിസ്റ്റന്‍സ് വര്‍ക്കൗട്ടുകള്‍ ആഴ്ചയില്‍ ഒരു തവണയും. ആദ്യത്തെ ആഴ്ച തന്നെ ഇതെല്ലാം എത്തിക്കണമെന്ന വാശിയൊന്നും വേണ്ട. ശരീരത്തിന് അതിന്റേതായ സമയം കൊടുത്ത് തന്നെ ചെയ്യണം. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ചെറിയ സെഷനുകളായി തുടങ്ങാം.

മഴക്കാലം എത്തിയതോടെ പുറത്തിറങ്ങി നടക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം.നടക്കുന്നതാണ് പ്രധാനം. വീട്ടിനുള്ളിലോ ടെറസിലോ നടക്കാവുന്നതാണ്. റെസിസ്റ്റന്‍സ് വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ ജിമ്മില്‍ പോവണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വീട്ടില്‍ നിന്ന് തന്നെ കയ്യില്‍ കിട്ടുന്ന എന്ത് ഭാരവും, വാട്ടര്‍ ബോട്ടിലോ ബാക് പാക്കോ ഒക്കെ ഉപയോഗിച്ച് റെസിസ്റ്റന്‍സ് ട്രെയിനിംഗ് ചെയ്യാം. സ്വന്തം ശരീരഭാരം മാത്രം ഉപയോഗിച്ച് തന്നെ ചെയ്യാന്‍ പറ്റുന്ന നൂറുകണക്കിന് റെസിസ്റ്റന്‍സ് വര്‍ക്കൗട്ടുകളുണ്ട്. പുഷ് അപ്, പുള്‍ അപ്, സ്‌ക്വാട്ട്, ലഞ്ചസ്, ഗ്ലൂട് ബ്രിഡ്ജ്, അബ് ക്രഞ്ചസ്, റഷ്യന്‍ ട്വിസ്റ്റ്, എന്നിവയൊക്കെ ഇങ്ങനെ ചെയ്യാന്‍ പറ്റുന്ന വര്‍ക്കൗട്ടുകളാണ്.

വയര്‍ മാത്രമേ കൂടിയുള്ളൂ, പിന്നെന്തിനാ എല്ലാ ശരീരഭാഗങ്ങള്‍ക്കും വര്‍ക്കൗട്ട് ചെയ്യുന്നത് എന്ന് ചിന്തക്കുന്നത് വലിയ തെറ്റിദ്ധാരണയാണ്. അങ്ങനെ വയറിനു മാത്രം വര്‍ക്കൗട്ട് ചെയ്ത് വയര്‍ കുറയ്ക്കാനാവില്ല. എന്ന് മാത്രമല്ല, മറ്റ് ശരീരഭാരങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെറിയ മസിലുകളാണ് വയറിലുള്ളത്. അവിടെ അനക്കിയതുകൊണ്ട് വളരെ കുറച്ച് കാലറിയേ ചിലവാകുകയുമുള്ളൂ. അതുകൊണ്ട് തന്നെ വയര്‍ മാത്രം കൂടുതലുള്ള ആളുകളാണെങ്കിലും കാര്‍ഡിയോ വര്‍ക്കൗട്ടുകളും റെസിസ്റ്റന്‍സ് വര്‍ക്കൗട്ടുകളുമെല്ലാം സാധാരണ പോലെ ചെയ്യണം.

എന്തൊക്കെ വര്‍ക്കൗട്ടുകള്‍ ചെയ്താലും കഴിക്കുന്ന ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെയൊന്നും റിസല്‍റ്റ് ശരീരത്തില്‍ കാണില്ല. അല്ലെങ്കില്‍ തന്നെ ലോക്ഡൗണ്‍ കാരണം കൂടുതല്‍ സമയം വീട്ടില്‍ ഇരിക്കുന്ന സമയത്ത് സ്‌നാക്ക് കഴിക്കുന്നത് കൂടിയും സ്‌പെഷ്യല്‍ ഫുഡ് ഉണ്ടാക്കിയുമെല്ലാം ഭക്ഷണക്രമം താളം തെറ്റി ഇരിക്കുന്നവരാണ്. മധുരവും ജങ്ക്ഫുഡ്ഡും ഒഴിവാക്കുക എന്നതാണ് ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.

SHARE