ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബെല്‍ജിയം മൂന്നാം സ്ഥാനം സ്വന്തമാക്കി

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ ലൂസേഴ്‌സ് ഫൈനലില്‍ ബെല്‍ജയത്തിന് ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. മിന്യൂയറും ഹസാര്‍ഡുമാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ നാലാം മിനുട്ടില്‍ തോമസ് മിന്യൂയറിലൂടെ ബെല്‍ജിയം മുന്നിലെത്തി. ചാഡ്‌ലിയുടെ ക്രോസില്‍ നിന്നായിരുന്നു മിന്യൂയര്‍ ലക്ഷ്യം കണ്ടത്. ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിനായി ഈ ലോകകപ്പില്‍ ഗോള്‍ നേടുന്ന പത്താമത്തെ താരമായി മിന്യൂയര്‍ മാറി. ഇതോടെ ഒരു ലോകകപ്പില്‍ ഒരു ടീമില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ ഗോള്‍ നേടുന്ന ടീമായി ബെല്‍ജിയം മാറി.

രണ്ടാം പകുതിയില്‍ ചില ശ്രമങ്ങള്‍ ഇംഗ്ലണ്ട് നടത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. മറുവശത്ത് നിരന്തരം കൗണ്ടര്‍ അറ്റാകിങുമായി ഇംഗ്ലണ്ട് ഗോള്‍ മുഖം വിറപ്പിച്ച ബെല്‍ജിയം 82-ാം മിനുട്ടില്‍ നായകന്‍ ഏദന്‍ ഹസാര്‍ഡിലൂടെ ലീഡ് ഇരട്ടിയാക്കി ഒപ്പം ജയവും. കെവിന്‍ ഡി ബ്രൂണോയാണ് ഹസാഡിന്റെ ഗോളിന് വഴിയൊരുക്കിയത്.